കത്തി, ഭീഷണി, ഒടുവില്‍ കണ്ടം വഴി ഓടി; വിടാതെ പൊലീസ്, രണ്ട് മണിക്കൂറില്‍ ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു

By Web TeamFirst Published Sep 9, 2021, 9:07 AM IST
Highlights

കത്തിയും മറ്റ് ആയുധങ്ങളും പൊലീസിന് നേരെ വീശിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് വിട്ടില്ല.  ചെളി നിറഞ്ഞ പാടത്തിലൂടെയും കുറ്റിക്കാട്ടിലൂടെയുമെല്ലാം ഓടിയ പ്രതികള്‍ പൊലീസിനെ വട്ടം ചുറ്റിച്ചു. 

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ വെച്ച്  പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ വെട്ടൂര്‍ക്കവല കെന്‍സ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് സാഹസിമായി ഓടിച്ചിട്ട് പിടിച്ചത്. അമ്പതില്‍ അധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ കെന്‍സ് സാബു. മോഷണം, കഞ്ചാവ് കടത്ത്, ഗുണ്ടാ ആക്രമണം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി അമ്പതിലധികം കേസുകളില്‍ പ്രതിയാണ് സാബു. 

ഏറെ നാളായി ഇയാള്‍ക്കായി വലവിരിച്ച് അന്വേഷണത്തിലായിരുന്നു ഗാന്ധിനഗര്‍ പൊലീസ്. കഴിഞ്ഞ ചൊവ്വാഴ്ച ഏറ്റുമാനൂരുള്ള ബിനുവിന്‍റെ വീട്ടില്‍ സാബു എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ബിനുവിനെ പൊക്കാനായി സ്വകാര്യ കാറുകളിലായി ഗാന്ധിനഗര്‍ സിഐ കെ ഷിജിയുടെ നേതൃത്വത്തില്‍ പെലീസ് സംഘം ഏറ്റുമാനൂരെത്തി. എന്നാല്‍ വീടുവളഞ്ഞ പൊലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഗുണ്ടാ സംഘം വീട്ടില്‍ നിന്നും ഇറങ്ങി ഓടി. 

സാബുവിനൊപ്പം വിവിധ കേസുകളില്‍ പ്രതികളായ ബിനു, നിഖില്‍ ദാസ് എന്നിവരുമുണ്ടായിരുന്നു. കത്തിയും മറ്റ് ആയുധങ്ങളും പൊലീസിന് നേരെ വീശിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് വിട്ടില്ല. ഗുണ്ടകളുടെ പിന്നാലെ പൊലീസും ഓടി. ചെളി നിറഞ്ഞ പാടത്തിലൂടെയും കുറ്റിക്കാട്ടിലൂടെയുമെല്ലാം ഓടിയ പ്രതികള്‍ പൊലീസിനെ വട്ടം ചുറ്റിച്ചു. പൊലീസിന് നേരെ കത്തി കാണിച്ച് ഭീഷണിത്തിയ ശേഷം കെന്‍സ് സാബു ഒരു ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനും ശ്രമം നടത്തി.

പിന്നാലെ എത്തിയ പൊലീസുകാര്‍ കാറില്‍ പിന്തുടര്‍ന്നെത്തി കെന്‍സിന് തടയിട്ടു. ഏറെ നേരത്തെ മല്‍പ്പിടിത്തുത്തിന് ശേഷമാണ് പൊലീസിന് കെന്‍സ് സാബുവിനെ കീഴ്പ്പെടുത്താനായത്. സാബുവിന്‍റെ കൂട്ടാളികളായ തച്ചറുകുഴി ബിനു,  ചെമ്പകപ്പാറ നിഖില്‍ ദാസ് എന്നിവരെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി.

ഗാന്ധിനഗര്‍ സി.ഐ. കെ.ഷിജി, എസ്.ഐ. കെ.കെ.പ്രശോഭ്, എ.എസ്.ഐ.മാരായ മനോജ്, സുരേഷ് ബാബു, എസ്.സി.പി.ഒ.മാരായ ഷൈജു, അജിത്കുമാര്‍, സി.പി.ഒ.മാരായ അനീഷ്,  ആര്‍.രാജേഷ്, ടി.പ്രവീണ്‍, പ്രവീണോ, പ്രവീണ്‍ കുമാര്‍, എസ്.അനു, പി.ആര്‍.സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവില്‍ ഏറെ ശ്രമകരമായാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായതെന്ന് സിഐ കെ ഷിജി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!