
തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായതോടെ ഒളിവില്‍ പോയ പ്രതി കഞ്ചാവുമായി തിരുവനന്തപുരത്ത് പിടിയിൽ. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇൻസ്പെക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയായ കൂട്ടപ്പന കീർത്തനം വീട്ടിൽ ശാന്തിഭൂഷൺ (42) ആണ് ആര്യങ്കോട് പൊലീസിന്‍റെ പിടിയിലായത്. പ്രദേശത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
നെയ്യാറ്റിൻകരയില്‍ 2021ൽ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായ ശന്തിഭൂഷൻ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയുന്ന സമയത്തും ഇയാൾ ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശാന്തിഭൂഷന്‍ സ്ഥിരമായി കാട്ടാക്കട, നെയ്യാർഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിക്കുന്നത്. ഇവിടെ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നതായും പൊലീസ് മനസിലാക്കി. ഇതോടെ പ്രദേശത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസിന്‍റെ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം വച്ച് നടന്ന വാഹന പരിശോധനയില്‍ ആണ് ശാന്തിഭൂഷനെ പൊലീസ് പൊക്കിയത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അതിനിടെ കൊല്ലം ജില്ലയിലെ ചവറയിൽ ന്യൂജെന്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 214 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. പുലർച്ചെ മൂന്നു മണിയോടെ പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.
Read More : ബൈക്ക് നിയന്ത്രം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ചു, സൈനികന് ദാരുണാന്ത്യം; അപകടം നാട്ടിലെത്തി ഒരാഴ്ചക്കുള്ളില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam