'വൈകുന്നേരം മടങ്ങിയെത്താം', പരിചയക്കാരനെന്ന വ്യാജേന കടയിലെത്തി പണം തട്ടാൻ ശ്രമം; ദൃശ്യങ്ങളിൽ കണ്ടത് കുപ്രസിദ്ധ തട്ടിപ്പുകാരനെ

Published : Oct 13, 2026, 02:12 PM IST
fraud attingal

Synopsis

ഉടമ എവിടെയാണെന്നും ഉടൻ തിരിച്ചെത്തുമോയെന്നും ഇയാൾ ചോദിച്ചു. പുറത്തുപോയതാണെന്ന് മറുപടി നൽകിയതോടെ ഉമയെ ഫോണിൽ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഇയാൾ മാറിനിന്ന് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം: കടയുടമയുടെ പരിചയക്കാരനെന്ന വ്യാജേന വിവിധ വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടുന്ന മധ്യവസ്കൻ ആറ്റിങ്ങലിലും തട്ടിപ്പിന് ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം പാലസ് റോഡ് ജംഗ്ഷന് സമീപമുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് സംഭവം നടന്നത്. കടയുടമ കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കുന്നതിനായി പുറത്തുപോയ സമയത്ത് ഇവരുടെ മാതാവായിരുന്നു കടയിലുണ്ടായിരുന്നത്. ഈ സമയം കടയിലെത്തിയ മധ്യവസ്കൻ ഉടമയുടെ പരിചയക്കാരനാണെന്ന മട്ടിൽ അമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. ഉടമ എവിടെയാണെന്നും ഉടൻ തിരിച്ചെത്തുമോയെന്നും ഇയാൾ ചോദിച്ചു. പുറത്തുപോയതാണെന്ന് മറുപടി നൽകിയതോടെ ഉമയെ ഫോണിൽ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഇയാൾ മാറിനിന്ന് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. പേര് ചോദിച്ചപ്പോൾ രഞ്ജിത്ത് എന്നാണെന്ന് ഇയാൾ മറുപടി നൽകി. തുടർന്ന് ഉടമ പറഞ്ഞതാണെന്ന് അവകാശപ്പെട്ട് 17000 രൂപ മേശവലിപ്പിലുണ്ടെന്ന് ഇയാൾ അമ്മയോട് പറഞ്ഞു. എന്നാൽ മേശവലിപ്പ് പരിശോധിച്ചപ്പോൾ പണമൊന്നും കണ്ടെത്താനായില്ല.

ഇക്കാര്യം അമ്മ അറിയിച്ചതോടെ വൈകിട്ട് അഞ്ചിന് വീണ്ടും വരാമെന്നും അതുവരെ പണം എടുത്തുവെക്കണമെന്നും പറഞ്ഞ് ഇയാൾ കടയിൽനിന്ന് മടങ്ങി. സംശയം തോന്നിയ അമ്മ മകളെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരാളെ പരിചയമില്ലെന്ന വിവരം ലഭിച്ചത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുപ്രസിദ്ധ തട്ടിപ്പുകാരൻ രാജേഷ് ജോർജ് ആണെന്ന് മനസിലായത്. കേരളത്തിലുടനീളം വ്യാപകമായി കടകളിലെത്തി സമാനരീതിയിലാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. പൊലീസ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല സ്ഥലത്ത് നിന്നും സമാനമായ രീതിയിൽ ആയിരം മുതൽ ലക്ഷങ്ങൾ വരെയാണ് തട്ടിയെടുത്തത്.

മുമ്പ് സമാനമായി പിടിക്കപ്പെട്ടപ്പോൾ കടയ്ക്കൽ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത്. കടയിലെത്തി ഉടമയെ അന്വേഷിക്കും. ഇല്ലെന്ന്‌പറഞ്ഞാൽ ഫോൺ വിളിക്കുന്ന രീതിയിൽ അഭിനയിക്കും. ഉടമയെന്ന് പറഞ്ഞ് ജീവനക്കാരിൽ നിന്ന് പണം വാങ്ങി മുങ്ങുന്നതാണ് രീതി. നേരത്തെ ഇയാൾ ഒരു തടിമില്ലിൽ തടി വാങ്ങാനെന്ന രീതിയിലെത്തി മേശവലിപ്പിൽ നിന്ന് 1.90 ല ക്ഷം രൂപയും തട്ടിയെടുത്തിരുന്നു. നിരവധി തവണ ജയിൽ വാസം അനുഭവിച്ചെങ്കിലും തട്ടിപ്പിൽ നിന്ന് പിൻമാറുന്നില്ലെന്ന് പൊലീസ് പറയുന്നു. സിനിമാ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കളർകോടുള്ള സ്വകാര്യ സ്ഥാപനജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്‌ രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പലരോടും സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായും പരാതികളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഫിറ്റ്നസും പെർമിറ്റും ഇല്ലാതെ സ്കൂൾ വിദ്യാർഥികളുമായി സർവീസ്; വാഹനം പിടികൂടി എംവിഡി
പുലർച്ചെ പെട്രോള്‍ പമ്പിൽ നിന്നും പണം കവർന്നു, ബാറിൽ കയറി വിലകൂടിയ മദ്യം അകത്താക്കി; സിസിടിവിയിൽ 150 ലേറെ കേസുകളുള്ള ഷാജഹാൻ, അറസ്റ്റിൽ