കൊലപാതകശ്രമ കേസടക്കം നിരവധി കേസുകളിലെ പ്രതി പിടിയില്‍

By Web TeamFirst Published Apr 4, 2019, 10:14 PM IST
Highlights

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്ന കാരണം പറഞ്ഞ് കെ.എസ്.ആർ.ടി.സി ബസിനു കല്ലെറിഞ്ഞു നാശനഷ്ടം വരുത്തുകയും കണ്ടക്ടറെ ആക്രമിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ട്.

തിരുവനന്തപുരം: കൊലപാതക ശ്രമ കേസടക്കം നിരവധി അടിപിടി  കേസുകളിലെ പ്രതിയെ കരുതൽ തടങ്കൽ ഉത്തരവിനെ തുടർന്ന് സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കൂട്ടം കിഴക്കുംഭാഗം കുമിഴിക്കര എം.എസ്. നിവാസിൽ ഉണ്ണി എന്നു വിളിക്കുന്ന മിഥുനെ (25) യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്ന കാരണം പറഞ്ഞ് കെ.എസ്.ആർ.ടി.സി ബസിനു കല്ലെറിഞ്ഞു നാശനഷ്ടം വരുത്തുകയും കണ്ടക്ടറെ ആക്രമിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ട്.

കഴക്കൂട്ടം പോങ്ങം പാറ സ്വദേശിയെയും ഭാര്യയെയും മറ്റൊരു സ്ത്രീയെയും സംഘം ചേർന്ന് ആക്രമിച്ച കേസും, കഴക്കൂട്ടം കുമിഴിക്കര സ്വദേശിയായ യുവാവ് ബൈക്കിൽ വരവേ തടഞ്ഞു നിർത്തി വാളു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസ്, മിഥുനെയും കൂട്ടാളികളെയും കുറിച്ച് പൊലീസിൽ പരാതി നൽകിയ കിഴക്കും ഭാഗം സ്വദേശിയെ ഇയാളും സംഘവും രണ്ടു ബൈക്കുകളിലെത്തി തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളാണ് ഉള്ളത്. 

ഡെപ്യൂട്ടി കമ്മിഷണർ ആർ  ആദിത്യ ഇയാളുടെ മുഴുവൻ കേസുകളുടെയും റിപ്പോർട്ട് കളക്ടർക്കു നൽകി ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിനു ശുപാർശ ചെയ്തതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ ഡി സി പി ആർ. ആദിത്യ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ പ്രമോദ് കുമാർ, കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണർ ശിവസുതൻ പിള്ള, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
 

click me!