
കോഴിക്കോട്: വിവാദമായ മണിയൂർ പോക്സോ കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) കോഴിക്കോട് റൂറൽജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. റഫീഖിന്റെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി പോക്സോ കോടതി വിധി 26-ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിൽ വിശദമായ വാദംകേട്ടശേഷം ബുധനാഴ്ച രാവിലെ ഹൈക്കോടതി സ്റ്റേ നീക്കി. ഈ വിവരം വന്ന് മിനിറ്റുകൾക്കുള്ളിൽ റഫീഖ് പോലീസിന്റെ കസ്റ്റഡിയിലായി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഒന്നരവർഷം മുൻപ് മണിയൂർ സ്വദേശിനിയായ പതിനൊന്നുവയസ്സുകാരിയെ മാതാവിന്റെ സുഹൃത്തായ റഫീഖ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ റഫീഖിനെ പിടികൂടാൻ വൈകുകയും ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. പൊലീസിനെതിരേ വലിയ ജനകീയരോഷം ഉയർന്നു. ഇതോടെ കേസ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവിൽ ക്രൈംബ്രാഞ്ച് കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കാറിൽ വരുന്നതിനിടെ പത്തരയോടെ റഫീഖിനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റിൽ നാട്ടുകാർ ആഹ്ളാദ പ്രകടനം നടത്തി. വടകര മണിയൂരിൽ നടന്ന പ്രകടനംത്തിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് പങ്കെടുത്തത്.
വടകര മണിയൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ റഫീഖ് മാതാവിന്‍റെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന 12 കാരിയുടെ വെളിപ്പെടുത്തലിൽ കഴിഞ്ഞ ജനുവരി 16നാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷത്തോളം പ്രതി റഫീഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതായിരുന്നു പെൺകുട്ടിയുടെ മൊഴി. പൊലീസ് കേസ് എടുത്തതോടെ റഫീഖ് വിദേശത്തേക്ക് കടന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവിനെ മാത്രമായിരുന്നു പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പ്രതിഷേധം ശക്തമാക്കിയത്.
മകൻ്റെ വിവാഹത്തിനായി പ്രതി റഫീഖ് വീട്ടിലെത്തിയ കാര്യം അറിഞ്ഞ നാട്ടുകാർ ഇയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കാനായി പൊലീസ് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകി. പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ജാമ്യം റദ്ദാക്കി. ഇതിന് പിന്നാലെ റഫീഖ് കൊയിലാണ്ടി കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ ഹൈക്കോടതി വിശദമായ വാദം കേട്ടു. തുടർന്നാണ് ഇന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചത്.
തൊട്ടുപിന്നാലെ കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ വെച്ചാണ് വടകര റൂറൽ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് നാട്ടുകാർ പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും കോഴിക്കോട് റൂറൽ എസ്പി ഓഫീസിലേക്കും മാർച്ച് നടത്തിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് പയ്യോളി സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ എസ് പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam