
പ്രമുഖ വ്യവസായിയായ ഒരാള്‍ക്ക് മകന്റെ വിവാഹം എങ്ങനെയൊക്കെ നടത്താം? ലക്ഷങ്ങള്‍ വാടകയുള്ള വമ്പന്‍ ഹാള്‍, ആഡംബര പൂര്‍ണ്ണമായ വിവാഹസദ്യ, സെലിബ്രിറ്റികളുടെ സാന്നിധ്യം, െപ്രാഫഷണല്‍ ഇവന്റ് മാനേജ്‌മെന്റ് ടീമുകളുടെ പങ്കാളിത്തം, ഓണ്‍ലൈനിലെ ലൈവ് സ്ട്രീമിംഗ്, സ്വര്‍ണ്ണവും പണവും വാരി വിതറിയുള്ള വിവാഹമാമാങ്കം...
എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ മേക്കുന്നിനടുത്ത് താമസിക്കുന്ന പ്രമുഖ പ്രവാസി വ്യവസായി മത്തിപ്പറമ്പിലെ തെക്കമ്മതടത്തില്‍ ടി ടി ഫാറൂഖ് ഹാജി മകന്റെ നിക്കാഹ് നടത്തുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ആഡംബരം ഒഴിവാക്കി, ആ തുക പണമില്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെ പോയ മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്താനാണ് അദ്ദേഹം വിനിയോഗിച്ചത്. നാളെ, അദ്ദേഹത്തിന്റെ ധനസഹായത്തോടെ ബെംഗളൂരു കെഎംസിസിയുടെ മുന്‍കൈയില്‍ മൂന്ന് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നല്ല രീതിയില്‍ നടക്കും. അതിനുള്ള സ്വര്‍ണ്ണവും മറ്റു കാര്യങ്ങള്‍ക്കുമുള്ള തുക അദ്ദേഹം മകന്റെ നിക്കാഹ് ചടങ്ങില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ഇതു മാ്രതമല്ല, മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കുന്നതിനുള്ള സ്ഥലവും അദ്ദേഹം ഈ ചടങ്ങില്‍ വെച്ച് കൈമാറി.
ഫാറൂഖിന്റെ മകന്‍ ഫായിസും അണിയാരം കോറോത്തുംകണ്ടി പുനത്തില്‍ അബ്ദുല്‍ കരീമിന്റെ മകള്‍ സുഹാനയും തമ്മിലുള്ള നിക്കാഹ് ചടങ്ങാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായത്. കോഴിക്കോട് ഖാദി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനാവശ്യമായ സ്ഥലത്തിന്റെ രേഖ മുന്‍ എംഎംഎല്‍എ പാറക്കല്‍ അബ്ദുല്ലയില്‍നിന്ന് ഏറ്റുവാങ്ങി. മൂന്ന് വിവാഹങ്ങള്‍ നടത്താനുള്ള ചെലവ് ഫാറൂഖിന്റെ സഹോദരന്‍ ടിടി ഖാലിദ് ഹാജിയില്‍നിന്ന് കെ. എം സി സി ബംഗളുരു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എം കെ നൗഷാദ് സ്വീകരിച്ചു. ചടങ്ങില്‍ സമസ്ത കേന്ദ്ര ട്രഷറര്‍ കൊയ്യോട് പി പി ഉമര്‍ മുസ്‌ല്യാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹിം കുട്ടി മുസ്‌ല്യാര്‍, സഫാരി എം ഡി കെ സൈനുല്‍ ആബിദീന്‍, വി നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam