കന്യാസ്ത്രീകളുടെ കൂട്ടസ്ഥലം മാറ്റം: പ്രതിഷേധ കൺവെൻഷനുമായി സേവ് അവർ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിൽ

By Web TeamFirst Published Feb 8, 2019, 2:29 PM IST
Highlights

കന്യാസ്ത്രീകൾക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

കോട്ടയം: ലൈംഗിക പീഡന കേസില്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് കണ്‍വെന്‍ഷന്‍  സംഘടിപ്പിക്കും. സേവ് അവർ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് പരിപാടി.

പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ, ജോസഫൈന്‍, ആല്‍ഫി, നീന റോസ് എന്നിവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു വഴങ്ങാതെ മഠത്തില്‍ തുടര്‍ന്ന കന്യാസ്ത്രീകൾക്ക് വീണ്ടും താക്കീതുകള്‍ ലഭിച്ചതോടെയാണ് സേവ് അവർ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

കന്യാസ്ത്രീകൾക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍. കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ സംരക്ഷിക്കാന്‍ രൂപത തയ്യാറാകണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം തിരുനക്കരയിലെ പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശ്‌നത്തില്‍ ജനപിന്തുണ ഉറപ്പാക്കാനായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടാം ഘട്ട സമര പരിപാടികളിലേക്ക് നീങ്ങാനാണ് സേവ് അവർ സിസ്റ്റേഴ്‌സ് സമിതിയുടെ തീരുമാനം. 
 

click me!