സർക്കാരിന് കൈത്താങ്ങുമായി നഴ്സുമാര്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

By Web TeamFirst Published May 12, 2020, 7:59 PM IST
Highlights

മലപ്പുറം ജില്ലയിലെ ഗവൺമെന്റ് നഴ്‌സുമാരും പബ്ലിക് ഹെൽത്ത് നഴ്‌സുമാരും ചേർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയത്.

മലപ്പുറം: ഏത് മഹാമാരിയും തലകുനിച്ച് പോകും നമ്മുടെ മാലാഖമാരുടെ നന്മയുള്ള പ്രവർത്തികൾ കാണുമ്പോൾ. കൊവിഡ് 19 എന്ന ലോകം ഭയക്കുന്ന വൈറസിനോട് പൊരുതാൻ സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ട് സേവനം നടത്തുകയാണ് നമ്മുടെ നഴ്‌സുമാർ. ഇപ്പോഴിതാ നഴ്‌സസ് ദിനത്തിൽ വൈറസിനെതിരെയുള്ള പോരാട്ടങ്ങളിൽ സംസ്ഥാന സർക്കാരിന് കൈത്താങ്ങാവുകയാണ് ഇവർ. 

മലപ്പുറം ജില്ലയിലെ ഗവൺമെന്റ് നഴ്‌സുമാരും പബ്ലിക് ഹെൽത്ത് നഴ്‌സുമാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയാണ് തങ്ങളുടെ സേവന പാതയിൽ പുതിയ പൊൻതൂവൽ ചാർത്തിയത്. നഴ്‌സസ് ദിനാഘോഷ പരിപാടികൾക്കായി നീക്കിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്കായി ഇവർ നൽകിയത്. 

കൊവിഡും നിപ്പയും മറ്റേതൊരു മഹാമാരി വന്നാലും നേരിടാൻ സജ്ജമായ നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും ലോകമെങ്ങും വാഴ്ത്തപ്പെടുന്ന കാലത്താണ് ഉറവ വറ്റാത്ത സഹായ ഹസ്തവുമായി ഇവർ മാതൃകയാവുന്നത്. ജില്ലാ നഴ്സിം​ഗ് ഓഫീസർ പി. നളിനി, എം.സി.എച്ച്.ഒ ടി. യശോദ, കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് സി.ടി നുസൈബ, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി രതീഷ് ബാബു എന്നിവർ ചേർന്നാണ് കളക്ട്രേറ്റിലെത്തി ചെക്ക് എ.ഡി.എം എൻ.എം മെഹറലിയ്ക്ക് കൈമാറിയത്.

click me!