
ഇടുക്കി: മൂന്നാറിൽ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് അധികൃതര്‍. മൂന്നാറിന്റെ ട്രെയിൻ സ്വപ്നം വീണ്ടും യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ദേവികുളം എം എൽ എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൂന്നാറിൽ പരിശോധന നടത്തി.
1924-ൽ ഉണ്ടായ വെള്ളപ്പൊക്കത്തിനു മുമ്പ് മൂന്നാറിൽ ട്രെയിന്‍ ഗതാഗതം ഉണ്ടായിരുന്നു. മൂന്നാറിൽ ചരക്കുഗതാഗതം സുഗമമാക്കാൻ മോണോ റെയിൽ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളും സർവ്വീസ് നടത്തിയിരുന്നു.
ഈ സംവിധാനമാണ് 1924-ലെ പ്രളയത്തിൽ തകർന്നത്. വീണ്ടും റെയിൽവേ തിരികെ എത്തിക്കാനുള്ള സാധ്യതകളാണ് സംഘം വിലയിരുത്തിയത്. ഡി റ്റി പി സി സെക്രട്ടറി ജയൻ പി വിജയൻ, കണ്ണൻദേവൻ പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ അജയൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് ഉടൻ തന്നെ ഇന്ത്യൻ റെയിൽവേക്ക് സമർപ്പിക്കും.
തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിശദമായ പഠനം നടത്തും. ഹിമാലയം റെയിൽവേ മാതൃക പോലെ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മൂന്നാറിന്റെ മുഖഛായ തന്നെ മാറുന്ന രീതിയിൽ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും എം എൽ എ പറഞ്ഞു. ട്രെയിൻ എന്ന മൂന്നാറിന്റെ സ്വപ്നം വീണ്ടും യാഥാർത്ഥ്യമായാൽ ടൂറിസം മേഖലയ്ക്കും അത് കൂടുതൽ കരുത്ത് പകരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam