ബത്തേരിയിൽ ആദിവാസി വൃദ്ധനെ കടുവ കടിച്ചുകൊന്നു, നാട്ടുകാർ രോഷത്തിൽ

By Web TeamFirst Published Dec 25, 2019, 2:54 PM IST
Highlights

കടുവയുടെ ആക്രമണത്തിൽ മാരകമായി മുറിവേറ്റ് പല ശരീര ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാസി എന്ന് വിളിക്കുന്ന ജടയനാണ് മരിച്ചത്. 

വയനാട്: സുൽത്താൻ ബത്തേരിയിൽ ആദിവാസി വൃദ്ധനെ കടുവ ആക്രമിച്ചു കൊന്നു. കാട്ടിനുള്ളിൽ വിറക് ശേഖരിക്കാൻപോയ വടക്കനാട് സ്വദേശിയായ മാസി എന്ന ജടയനാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ കാടിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ ജടയൻ രാത്രിയായിട്ടും മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും വനം വകുപ്പുദ്യോഗസ്ഥരും ചേർന്ന് ഇന്ന് നടത്തിയ തെരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുറിച്യാട് ഫോറസ്റ്റ് റേഞ്ച് നാലാം മൈലിൽ കാടിനുള്ളിൽ ജടയന്‍റെ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ മാരകമായി മുറിവേറ്റ് പല ശരീര ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ജടയന്‍റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ അറിയിച്ചു. 

പ്രദേശത്ത് ജനങ്ങളുടെ നേരെ വന്യ ജീവികളുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പല തവണ പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി വനംവകുപ്പ് എടുത്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ജടയന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 

click me!