മയക്കുമരുന്ന് കേസിൽ യുവാവിന് പതിനഞ്ച് വർഷം തടവും പിഴയും

By Web TeamFirst Published Dec 24, 2019, 10:44 PM IST
Highlights

മയക്കുമരുന്ന് കേസില്‍ മുക്കം സ്വദേശിക്ക് പതിനഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

കോഴിക്കോട്:  മയക്കുമരുന്ന് കേസിൽ കോഴിക്കോട് മുക്കം സ്വദേശിക്ക് പതിനഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വടകര എൻഡിപിഎസ് ജഡ്ജി എം വി രാജകുമാരയാണ് മുക്കം കൊടിയത്തൂർ  സ്വദേശി ബാദുഷ25)യ്ക്ക് ശിക്ഷ വിധിച്ചത്.

2018 ഡിസംബർ 18നാണ് ബാദുഷയെ മാരക ലഹരി മരുന്നായ 35 എൽഎസ്ഡി സ്റ്റാമ്പുകളുമായി മണാശ്ശേരിയിൽ  വച്ച് പൊലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപ വരുന്ന എൽ എസ്‌ ഡി ബാംഗ്ലൂർ, ഗോവ, മണാലി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തിച്ചത്. ഡിജെ പാർട്ടികളിലും മറ്റും പത്തു മണിക്കൂർ വരെ ഉത്തേജനം കിട്ടുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. കോഴിക്കോട് മലപ്പുറം ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പനക്കാരനായ ഇയാൾ നിരവധി കളവുകേസുകളിലും പ്രതിയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം കണ്ടെത്തി പണവും ഫോണുകളും മോഷണം നടത്തി ലഹരി മരുന്ന് വാങ്ങി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രോസിക്യൂഷന് വേണ്ടി അഡി. ഗവ. പ്ളീഡർ എ സനൂജ് കോടതിയിൽ ഹാജരായി.

നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി അശ്വകുമാർ താമരശ്ശേരി ഡിവൈഎസ്‌പി പി ബിജുരാജ് ,ഇ പി പൃഥ്വി രാജ്, മുക്കം എസ്‌ ഐ ആയിരുന്ന കെ പി അഭിലാഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, ഷിബിൽ ജോസഫ്, ജോർജ്,ബേബി മാത്യു എന്നിവർ അടങ്ങിയ സംഘമാണ് ബാദുഷയെ പിടികൂടിയതും കേസ് അന്വേഷണം നടത്തിയതും. 

 

click me!