
തൃശൂര്‍: തൊഴില്‍ പ്രതിസന്ധി മറികടക്കാന്‍ പ്രക്ഷോഭത്തേക്കാള്‍ കാലത്തിന്റെ വേഗതയ്‌ക്കൊപ്പം ഓടുന്നതാവും ഉചിതമെന്ന വിലയിരുത്തലില്‍ കേരളത്തിലെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍. വല്ലപ്പോഴും വണ്ടിപ്പേട്ടകളിലെത്തുന്ന ഓട്ടംകൊണ്ട് വയറുനിറക്കാനാവില്ല ന്യൂജന്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാരുടെ സാങ്കേതിക വിദ്യകള്‍ സായത്വമാക്കി ഇവരും ഇന്റര്‍നെറ്റിനെ കൂട്ടുപിടിക്കാനാണ് ഒരുക്കം. ടാക്സി ഡ്രൈവര്‍മാരുടെ സംഘടനയായ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷനാണ് ജീവിതം കരുപ്പിടിപ്പിക്കാനായി കുത്തക ഓണ്‍ലൈന്‍ ടാക്സികളോട് മത്സരിക്കാനൊരുങ്ങുന്നത്.
ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നുവരവോടെയാണ് പരമ്പരാഗത ടാക്സിക്കാരുടെ തൊഴില്‍ പ്രതിസന്ധിയിലായത്. കുത്തക കമ്പനികള്‍ ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്കെത്തിയതോടെ പിടിച്ചു നില്‍ക്കാനാകാതെ മറ്റ് തൊഴില്‍ അന്വേഷിക്കേണ്ട സ്ഥിതിയിലായി. പരമ്പരാഗത തൊഴിലാളി സംഘടനകളാകട്ടെ, ഇത്തരം തൊഴില്‍ പ്രശ്‌നങ്ങളില്‍ ഗൗരവപരമായ ഇടപെടലുകളൊന്നും നടത്തുന്നുമില്ല. സിഐടിയു ഇടക്കാലത്തൊരു ശ്രമം നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
ഓണ്‍ലൈന്‍ മാര്‍ഗത്ത് പൂര്‍ണമായ വിജയം കൈവരിക്കാന്‍ അത്ര എളുപ്പമല്ലെന്ന വിലയിരുത്തലോടെ തന്നെയാണ് ഒരുക്കം നടത്തുന്നതെന്ന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഡ്രൈവര്‍മാര്‍ പുതിയ സംവിധാനത്തോട് താല്പര്യം കാണിക്കണം. വന്‍ തുക ചെലവഴിച്ച് ആരംഭിക്കുന്ന പദ്ധതിക്ക് അംഗങ്ങളുടെ പിന്തുണ തന്നെയാണ് പ്രാധാന്യം. ഇതിനായി ജില്ലകളില്‍ സോണല്‍ ജനറല്‍ ബോഡി യോഗങ്ങള്‍ തുടരുകയാണ്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ബാഹുല്യം തങ്ങളുടെ തൊഴിലിനെ ബാധിച്ചുതുടങ്ങിയെന്ന ബോധ്യം വന്നതോടെ ബഹുഭൂരിപക്ഷവും ഈ പദ്ധതിയെ അംഗീകരിച്ചുവരുന്നുണ്ട്. അനുമതി തേടുന്നതിനൊപ്പം യോഗങ്ങളില്‍ വച്ച് പദ്ധതിയുടെ ബോധവത്കരണവും നടക്കുന്നുണ്ട്.
മൊബൈല്‍ ആപ്ലിക്കേഷനും മറ്റും ഇതിനായി ഒരുക്കണം. ഇവ ഉപയോഗിക്കുന്നതിനുള്ള പരിഞ്ജാനവും നല്‍കണം. ഓര്‍ഗനൈസേഷനിലെ 15000ത്തോളം വരുന്ന അംഗങ്ങളില്‍ ഭൂരിപക്ഷവും അംഗീകരിച്ചാല്‍ മാത്രമെ പദ്ധതി ഉടനെ നടപ്പാക്കൂ. എല്ലാവരും തയ്യാറാണെന്ന പ്രതീക്ഷയില്‍ സംവിധാനം ഒരുക്കുന്നതിനായി ഒരു ഏജന്‍സിയെ കണ്ടെത്തി ധാരണയിലെത്തിയിട്ടുണ്ടെന്നും കാസിം വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ടാക്‌സി പേട്ടകളിലെത്തി വാഹനങ്ങള്‍ വിളിച്ചിരുന്നവര്‍ ടെലിഫോണ്‍ യുഗത്തോടെ അതിലേക്ക് തിരിഞ്ഞു. മൊബൈല്‍ വന്നതോടെ അതിലേക്കും കടന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വ്യാപകമായതോടെ ഇപ്പോള്‍ ഒരര്‍ത്ഥത്തില്‍ വാട്‌സാപും മെസഞ്ചറും എല്ലാം ഉപയോഗിച്ച് ഓണ്‍ലൈന്‍ സംവിധാനത്തിന് തുല്യമായ രീതിയിലേക്കും ഡ്രൈവര്‍മാര്‍ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വേഗത്തില്‍ പ്രചാരത്തിലെത്തിക്കാനാകുമെന്ന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ബാഹുലേയന്‍ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam