വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന വയനാട്ടിലെ റോഡുകള്‍ക്ക് ശാപമോക്ഷം

By Web TeamFirst Published Nov 23, 2018, 2:41 PM IST
Highlights

കല്‍പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡ് നവീകരണത്തിന് പണം വകയിരുത്തിയിട്ടും നിരവധി കാരണങ്ങളാല്‍ വഴി മാറിപോകുകയായിരുന്നു. ഇത്തവണയെങ്കിലും റോഡ് നേരെയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും

കല്‍പ്പറ്റ: ദേശീയപാതയും സംസ്ഥാനപാതകളും ഒഴിച്ചാല്‍ വയനാട്ടിലെ പ്രധാന റോഡുകളില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. മറ്റു ജില്ലകളിലെ റോഡുകള്‍ വര്‍ഷാവര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുമ്പോഴും ഇവിടെ ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പാതകള്‍ ദുരിതപാതകളായി തുടരുകയാണ്. ജില്ലയിലെ ഗ്രാമീണ റോഡുകളുടെ സ്ഥിതി വാക്കുകളില്‍ പോലും വിവരിക്കാന്‍ കഴിയില്ല. എന്നാല്‍ പതിവിന് വിപരീതമായി പ്രധാന റോഡുകളെല്ലാം നവീകരിക്കാന്‍ ഇപ്പോള്‍ വന്ന സര്‍ക്കാര്‍ തീരുമാനം ജനം ആശ്വാസത്തോടെയാണ് കേള്‍ക്കുന്നത്. 

പാടെ തകര്‍ന്ന കല്‍പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡ് നവീകരണത്തിന് പണം വകയിരുത്തിയിട്ടും നിരവധി കാരണങ്ങളാല്‍ വഴി മാറിപോകുകയായിരുന്നു. ഇത്തവണയെങ്കിലും റോഡ് നേരെയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും. ഇരുപത് കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുരസാഗറിലേക്ക് പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ വരുന്ന പാതയാണിത്. 

കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ വര്‍ഷങ്ങളായി ദുരിതയാത്രയായിരുന്നു. ടാക്‌സി വാഹനങ്ങള്‍ പോലും ഇതു വഴി സര്‍വീസ് നടത്താന്‍ മടിച്ചതോടെ നിരവധി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഇതിനിടെ മഴക്കാലമെത്തിയതോടെ അറ്റകുറ്റ പണികള്‍ പോലും മുടങ്ങി. കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറയിലെത്തണമെങ്കില്‍ ഇപ്പോള്‍ മണിക്കൂറുകളെടുക്കുമെന്ന അവസ്ഥയാണ്. ഇതുവഴിയുള്ള പല ബസ്സുകളും സര്‍വീസ് നര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് അധികൃതര്‍ പാത നവീകരിക്കുന്നതിനുള്ള തീരുമാനത്തിലെത്തിയത്. സംസ്ഥാന പാതകളുടെ പട്ടികയില്‍ ഇടം നേടിയിട്ടും വേണ്ടത്ര പരിഗണന ഈ റോഡിന് ലഭിച്ചിട്ടില്ല. കാവുംമന്ദം മുതല്‍ കല്‍പ്പറ്റ ചുങ്കം ജംഗ്ഷന്‍ വരെയയുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. 

ഇപ്പോള്‍ കാവുംമന്ദത്ത് നിന്നും തിരിഞ്ഞ് മൂരിക്കാപ്പ് മുണ്ടേരി വഴിയാണ് വാഹനങ്ങള്‍ കല്‍പ്പറ്റയിലെത്തുന്നത്. പടിഞ്ഞാറത്തറ- കല്‍പ്പറ്റ റോഡിന്റെ നവീകരണത്തിന് 57 കോടി, മാനന്തവാടി-കൊയിലേരി-കൈതയ്ക്കല്‍ റോഡിന്  46 കോടി, പച്ചിലക്കാട്-വരദൂര്‍-മീനങ്ങാടി 39 കോടി, പനമരം-നടവയല്‍-ബീനാച്ചി 54 കോടി, അഞ്ചാംമൈല്‍-ചേരിയംകൊല്ലി-കമ്പളക്കാട് റോഡിന് 15 കോടി, മേപ്പാടി-ചൂരല്‍മല-മലയോര ഹൈവെക്കായി 41 കോടി എന്നിവയാണ് ശാപമോക്ഷമാകുന്ന മറ്റു റോഡുകള്‍. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വിവിധ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. എങ്കിലും ഇവയില്‍ എത്രയെണ്ണം പ്രഖ്യാപിച്ച നാളുകള്‍ക്കകം പ്രവൃത്തി പൂര്‍ത്തികരിക്കും എന്നത് കണ്ടറിയേണ്ടി വരും.

click me!