
തിരുവനന്തപുരം: തിരുവനന്തപുരം നീറമൺകരയിൽ അലമാര തലയിൽ വീണ് വൃദ്ധക്ക് ദാരുണാന്ത്യം. നീറമൺകര വിനായക നഗറിൽ രാജലക്ഷ്മി (83) ആണ് മരിച്ചത്. വൃദ്ധ വീട്ടിൽ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസ് വ്യക്തമാക്കുന്നത്. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ അലമാര വീണുകിടക്കുന്നതായിട്ടാണ് കാണുന്നത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരെത്തി ജനൽ വഴി നോക്കിയപ്പോഴാണ് കട്ടിലിൽ, അലമാര വീണ് വൃദ്ധ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam