
തിരുവനന്തപുരം: സ്ലാബ് പൊട്ടി സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ നെയ്യാറ്റിൻകര ഫയർ ഫോഴ്സ് രക്ഷിച്ചു. വഴുതൂർ രമ്യാ ഭവനിൽ രാമചന്ദ്രൻ നായരുടെ ഭാര്യ വിമലാ ദേവി (68) ആണ് 25 അടി ആഴമുള്ള സെപ്റ്റിക് ടാങ്കിൽ വീണത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. സ്ലാബ് തകർന്ന് വിമലാദേവി ഉള്ളിലേക്ക് വീണെങ്കിലും സ്ലാബ് പിവിസി പൈപ്പിൽ തട്ടി നിന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ലാബ് റോപ്പിൽ കെട്ടി നിർത്തി.
പിന്നീട് നെറ്റിന്റെ സഹായത്തോടെ വയോധികയെ മുകളിൽ എത്തിക്കുകയായിരുന്നു. സ്ലാബ് ഉള്ളിലേക്ക് വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർഫോഴ്സ് ഓഫീസർമാരായ ഷിജു ടി സാം, ശരത്, എം.സി.അരുൺ, വൈശാഖ്, ജയകൃഷ്ണൻ, ചന്ദ്രൻ, വി.എസ്.സുജൻ, അരുൺ ജോസ്, ഹോം ഗാർഡുമാരായ ഗോപകുമാർ, സജികുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
അതേസമയം, ആലപ്പുഴ ചെങ്ങന്നൂരിന് സമീപം കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ (തൊടികൾ) ഇടിഞ്ഞു വീണ് കിണറിനുള്ളില്‍ കുടുങ്ങിയ വയോധികനായ തൊഴിലാളിയെ പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തിയിരുന്നു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് കിണറിനുളളിൽ കുടുങ്ങിയത്. അബോധാവസ്ഥയിലാണ് ഇയാളെ കിണറ്റിൽ നിന്ന് പുറത്തേക്കെടുത്തത്. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് നടത്തിയ പതിനൊന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിണറ്റിൽ നിന്നും ഇയാളെ പുറത്തേക്ക് എടുക്കാനായത്.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്‍റെ സിമിന്‍റ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam