
തൃശ്ശൂർ: 25 അടി താഴ്ച്ചയുള്ള കിണറിൽ പേരക്കുട്ടി വീണപ്പോൾ വടക്കേക്കാട് സ്വദേശി സുഹറയ്ക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. തൊട്ടടുത്ത നിമിഷം മുങ്ങിത്താഴുന്ന പേരക്കുട്ടിയെ രക്ഷിക്കാൻ മോട്ടറിന്റെ ഹോസിൽ കെട്ടിയ കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി. 10 മിനിറ്റോളം കുഞ്ഞിനെയും തോളിലിട്ട് ആ ഉമ്മ കിണറ്റിൽ ഇരുന്നു. ശേഷം ബന്ധു എത്തിയാണ് ഇരുവരെയും കരയിൽ എത്തിച്ചത്. നിസാര പരിക്കോടെ മുഹമ്മദ് ഹൈസിൻ രക്ഷപ്പെട്ടു.
കിണറിന് സമീപത്തുള്ള മോട്ടോർപുരയുടെ മുകളിൽ വീണ നെല്ലിക്ക വീണതെടുക്കാൻ കയറിയതായിരുന്നു സുഹറയുടെ പേരക്കുട്ടി. പെട്ടെന്ന് കാലുതെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു. ''ഇവര് കളിക്കുവായിരുന്നെന്ന് തോന്നുന്ന്. ഇവള് വന്നിട്ട് പറഞ്ഞ് ഉമ്മുമ്മാ ഹൈസി കിണറ്റി പോയെന്ന്. കിണറ്റിലോ എന്ന് ചോദിക്കലും ഞാനൊര് ഓടലും. അത്രേയുള്ളു. നോക്കീപ്പോ താന്നുതാന്നു പോണ്. കാല് മാത്രമുണ്ട്. ഒന്നും നോക്കീല്ല ഈ കയറ് പിടിച്ചിട്ട് ഞാനിറങ്ങി. വെള്ളമിളകിയാ കുട്ടി താന്നുപോകും. പതിയെ ഇറങ്ങി കാലുമ്മേല് പിടിച്ച് പൊന്തിച്ചു. അപ്പഴത്തേന് അവിടുന്ന് ഓന് ഓടിവന്ന് പൈപ്പുമ്മേല്ക്കൂടെ ഇറങ്ങി. അവൻ കൈ തന്ന് എന്നെ പിടിച്ചുപൊക്കി. അവനെ തോളിലുമെടുത്ത്.'' നടന്ന സംഭവം ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും ഉമ്മുമ്മയുടെ കണ്ണിലിപ്പോഴും പേടി ബാക്കിയുണ്ട്. കിണറിന്റെ സൈഡിൽ ചവിട്ടി കയറാൻ ശ്രമിച്ചപ്പോഴാണ് അനിയൻ കിണറ്റിലേക്ക് വീണതെന്ന് മൂത്ത കുട്ടി പറയുന്നു. പേരക്കുട്ടിക്ക് പുതുജീവൻ നൽകിയ ഉമ്മുമ്മ സുഹറ വീട്ടുകാർക്കിപ്പോൾ വണ്ടർ വുമൺ ആണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam