
തൃശൂര്‍: ഒല്ലൂർ ജംഗ്ഷൻ വികസനത്തിന്‍റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ - റവന്യൂ - കെ ആർ എഫ് ബി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ എന്നിവരുമായി തൃശൂർ രാമനിലയത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുൻഗണനാ പദ്ധതികളിൽ ഒന്നായ ഒല്ലൂർ ജംഗ്ഷൻ വികസനത്തിനായി 0.9318 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിനായി 55.17 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഒല്ലൂർ ജംഗ്ഷനിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റർ വീതിയിൽ 270 മീറ്റർ നീളത്തിലും, തലോർ ഭാഗത്തേക്ക് 21 മീറ്റർ വീതിയിൽ 270 മീറ്റർ നീളത്തിലും, നടത്തറ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റർ വീതിയിൽ 375 മീറ്റർ നീളത്തിലും, ചേർപ്പ് ഭാഗത്തേക്കുള്ള റോഡ് 18.50 മീറ്റർ വിതീയിൽ 177 മീറ്റർ നീളത്തിലും, നടത്തറ റോഡിൽ നിന്ന് എടക്കുന്നി ദേവിക്ഷേത്രം വഴി തലോർ റോഡിൽ ചേരുന്ന റോഡ് 12 മീറ്റർ വീതിയിൽ 306 മീറ്റർ നീളത്തിലുമാണ് വികസിപ്പിക്കുന്നത്.
റോഡിനോടൊപ്പം മൂന്നു ബസ്സ് വേ കൂടി നിർമ്മിക്കും. ഇതിനുള്ള സ്ഥലം കൂടിയാണ് ഏറ്റെടുക്കൽ നടപടികളിലൂടെ നടപ്പിലാക്കുക. കിഫ്‌ബി അനുവദിച്ച തുക കൂടാതെ മുൻ വർഷത്തെ ബഡ്ജറ്റ് വിഹിതമായ 5 കോടി രൂപയും ഇതിനായി ഉപയോഗിക്കും. ഭൂമി ഏറ്റെടുക്കലിന്റെ തുക വർധിച്ചാൽ അത് കൂടി അനുവദിക്കുമെന്നും എല്ലാവരുമായി കൂടിയാലോചിച്ചു അഭിപ്രായ ഐക്യത്തോടെ മതിയായ നഷ്ടപരിഹാരം കൂടി നൽകിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam