മില്‍മയുടെ ഓണസമ്മാനം! ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക വില; ആകെ 4.2 കോടി നൽകും

By Web TeamFirst Published Aug 19, 2023, 4:20 AM IST
Highlights

ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മലബാര്‍ മില്‍മ 4.2 കോടി രൂപ നല്‍കും. മലബാര്‍ മില്‍മ ഭരണ സമിതിയുടേതാണ് തീരുമാനം. ജൂലൈ മാസത്തില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കിയാണ് മില്‍മയുടെ ഓണക്കൈനീട്ടം. ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 4.2 കോടി രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.

സംഘങ്ങള്‍ അതാത് കര്‍ഷകര്‍ക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്പ് കൈമാറും. അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്പോള്‍ മില്‍മ ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലു മാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ അധിക പാല്‍ വില നല്‍കുന്നത്.  

വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ  തന്നെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു. അതേസമയം, കേരളത്തിന്‍റെ സ്വന്തം മിൽമ നെയ്യ് കടൽ കടക്കുന്ന വാർത്ത അടുത്തയിടെ പുറത്ത് വന്നിരുന്നു.

പത്തനംതിട്ട തട്ട പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്ന നെയ്യ് കയറ്റുമതി ചെയ്യാനുള്ള ലൈസൻസാണ് മിൽമ നേടിയത്. പ്രതിമാസം പത്ത് ടൺ കയറ്റുമതിയാണ് ലക്ഷ്യം. കേരളത്തിന്‍റെ നെയ്മണം ഇനി വിദേശത്തും പരക്കാൻ പോകുകയാണ്. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് നെയ്യ് കയറ്റുമതി ചെയ്യാനുള്ള ലൈസൻസ് ആണ് തിരുവനന്തപുരം മേഖല സ്വന്തമാക്കിയത്.

വില വർധിപ്പിക്കില്ലെന്നുള്ള വാക്കു പാലിക്കാനായതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഓണം ഫെയർ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!