
വയനാട്: വയനാട് തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി അജ്ഞാത സംഘം ഒന്നര കോടിയോളം രൂപ കവർന്നതായി പരാതി. പണം നഷ്ടപ്പെട്ടതായി ബംഗളൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തിരൂർ സ്വദേശി ഷറഫുദ്ദീനാണ് പൊലീസിൽ പരാതി നൽകിയത്. ഒക്ടോബർ 5 ന് പുലർച്ചെ തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ച് വെളുത്ത ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞ് നിർത്തി പണമടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നു കളഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.
കാറിൽ വന്നവര്‍ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. കൂടാതെ, ഇവർ സഞ്ചരിച്ച കാറിൽ പൊലീസിന് സമാനമായ സ്റ്റിക്കർ പതിച്ചിരുന്നതായും സൂചനയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
50 ലക്ഷത്തിന്‍റെ കള്ളപ്പണം എക്സൈസ് വകുപ്പ് പിടികൂടി; ബാങ്കിലെത്തിച്ച് എണ്ണിയപ്പോള്‍ 10 ലക്ഷം കാണാനില്ല!
വയനാട് : തോൽപ്പെട്ടി ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അപ്രത്യക്ഷമായതായി പരാതി. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണം ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും എക്സൈസും അന്വേഷണം തുടങ്ങി. ഈ മാസം 8 ന് രാവിലെ തോൽപെട്ടി ചെക്പോസ്റ്റില്‍ വച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ മധുര സ്വദേശിയിൽ നിന്ന് കണക്കിൽപ്പെടാത്ത അരക്കോടി രൂപ പിടിച്ചെടുത്തത്.
8 -ാം തിയതി രാവിലെ 5 മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോകുന്ന കോൺട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരനായ തമിഴ്വാട് മധുര സ്വദേശി വിജയ്ഭാരതി (40) യില്‍ നിന്നു൦ മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വെച്ച അരക്കോടി രൂപയുടെ കുഴൽപ്പണ൦ പിടിച്ചെടുത്തത്.
50,000 രൂപ വീതമുള്ള 100 കെട്ടുകളായി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ പണം എണ്ണി തിട്ടപ്പെടുത്തി മഹസർ തയാറാക്കി. പിന്നീട് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പണമടങ്ങിയ ബാഗ് എക്സൈസിന്‍റെ കസ്റ്റഡിയിൽ തന്നെ വിട്ടു നല്‍കി. തുടര്‍ന്ന് പിടിച്ചെടുത്ത പണത്തില്‍ കള്ളനോട്ട് ഉണ്ടോയെന്നറിയാൻ പണം മാനന്തവാടിയിലെ ബാങ്കിലെത്തിച്ച് എണ്ണിയപ്പോൾ 50 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. കള്ളപണം പിടിച്ചെടുത്ത ദിവസം ബാങ്ക് അവധിയായിരുന്നതിനാലാണ് മറ്റൊരു ദിവസം പണമടങ്ങിയ ബാഗ് ബാങ്കില്‍ എത്തിച്ചത്.
നോട്ടുകെട്ടുകൾ എണ്ണിയതിൽ വന്ന ശ്രദ്ധകുറവാണ് ഇത്തരമൊരു അബദ്ധത്തിന് പിന്നിലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 40 ലക്ഷം രൂപയെ ബാഗിൽ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ എക്സൈസ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam