
മാവേലിക്കര : പതിമൂന്ന് വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഭരണിക്കാവ് തെക്കേമങ്കുഴി മുറിയിൽ പേരൂർ കോട്ടയിൽ വീട്ടിൽ മോഹനൻ (55) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോങ് പെൻ്റിങ് കേസുകളിലെ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആധാരം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തെക്കേ മങ്കുഴി സ്വദേശിയായ സുശീലനെ മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2012 ജനുവരി ഒന്നിനാണ് കേസിനാധാരമായ സംഭവം നടന്നത്.
സുശീലനെ മർദിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലായി കൂലിപ്പണി ചെയ്തും ലോട്ടറി വിറ്റുമാണ് ജീവിച്ചിരുന്നത്. കേസിൽ ഇയാൾക്കെതിരെ ലോങ് പെൻ്റിങ് വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. രാത്രി കാലങ്ങളിൽ പ്രതി വള്ളിക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്നു പോകുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ വള്ളിക്കുന്നം പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ മടത്തുംമട ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam