
തിരുവനന്തപുരം: കേരള പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശിയിൽ നിന്ന് പണം തട്ടിയ യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നേമം, ഊക്കോട്, പറങ്കിമാംവിള വീട്ടിൽ ദീപു (34) ആണ് പിടിയിലായത്. പല തവണ പരാതിക്കാരനുമായി കൂടിക്കാഴ്ച നടത്തിയ ഇയാൾ താൻ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിപ്പ് നടത്തിയത്.
താൻ ജോലി രാജിവെയ്ക്കുമ്പോൾ ആ ഒഴിവിലേക്ക് പരാതിക്കാരന് ജോലി വാങ്ങി നൽകാം എന്നതടക്കം നിരവധി കള്ളങ്ങൾ പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് പ്രതി പണം കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു. യുവാവിന്‍റെ പക്കൽ നിന്നും 90,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പരാതിയെത്തിയതോടെ തമ്പാനൂർ എസ്എച്ച്ഒ ജിജു കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ ബിനു മോഹനടക്കമുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam