വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റു; ഒരു മരണം

By Web TeamFirst Published Feb 3, 2020, 9:01 AM IST
Highlights

കുത്തേറ്റ് പരിക്കേറ്റ മാരിയപ്പനെ തേനി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഇടുക്കി:തമിഴ്‌നാട് കുരങ്ങണി വനത്തില്‍ കാട്ടുപോത്തിനെ വെടിവച്ച നായാട്ടു സംഘത്തിലെ ഒരാള്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇടുക്കി തോണ്ടിമല സ്വദേശി മരിയപ്പനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രാജകുമാരി സ്വദേശികളായ രണ്ട് പേരെ ശാന്തമ്പാറ പൊലീസ് പിടികൂടി തമിഴ്‌നാട് പൊലീസിന് കൈമാറി. 

ഞായറാഴ്ച പത്തുമണിയോടെയാണ് രാജകുമാരി നോര്‍ത്ത് സ്വദേശികളായ കണ്ണന്‍കുളങ്ങര സാജു ഗീവര്‍ഗ്ഗീസ്, കാരപ്പള്ളിയില്‍ രാജേഷ് കെ കെ, ബോഡിമെട്ടിന് സമീപം തോണ്ടിമല സ്വദേശി മരിയപ്പന്‍ എന്നിവര്‍ ചേര്‍ന്ന് കുരങ്ങണി വനമേഖലയിലെ പുലിക്കുത്തിന് സമീപത്തുള്ള കാട്ടില്‍ നിന്നും കാട്ടുപോത്തിനെ വെടിവച്ചത്. വെടികൊണ്ട് വീണ പോത്തിനടുത്തെത്തിയപ്പോള്‍ പോത്ത് ഇവരെ അക്രമിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ മരിയപ്പനെ പുറകില്‍ നിന്നും പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.  തുടര്‍ന്ന് പരിക്കേറ്റ മാരിയപ്പനെ സാജുവും രാജേഷും ചേര്‍ന്ന് തമിഴ്‌നാട് തേനി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കൃഷിയിടത്തില്‍ മുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് ശാന്തമ്പാറ സ്റ്റേഷനില്‍ വിവരമറിയിക്കുകയും. രാജേഷിനേയും, സാജുവിനേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ നിന്നും നായാട്ടിനിടെ പോത്തിന്റെ ആക്രമണത്തിലാണ് മാരിയപ്പന്‍ മരിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് ഇരുവരെയും കൈമാറി. സ്ഥിരമായി വന്യ മൃഗങ്ങളെ വേട്ടയാടുന്ന ഇവര്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചാണ് പോത്തിനെ വെടിവച്ചത്. 

തോക്ക് കാട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കുരങ്ങണി പൊലീസും വനം വകുപ്പും ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. വനമേഖലയില്‍ അതിക്രമിച്ച് കടക്കല്‍, വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി ആയുധം കയ്യില്‍ സൂക്ഷിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.  പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരിയപ്പന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

click me!