
കോട്ടയം : ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്. വൈക്കത്തിന് സമീപം മുറിഞ്ഞപുഴയിൽ വെച്ചാണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന സംഘമാണ് ഇന്നലെ വൈക്കത്ത് എത്തിയത്. മുറിഞ്ഞപുഴ കായൽ തീരത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് രഘു ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം നടത്തിയ തിരച്ചിലിനൊടുവിൽ രഘുവിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെടുത്തു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.