
തിരുവനന്തപുരം: പല വലിപ്പത്തിലും ആകൃതിയിലും ഉള്ള ഖുർആൻ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കിലോമീറ്റർ നീളമുള്ള ഖുർആൻ കണ്ടിട്ടുണ്ടോ? കോഴിക്കോട് സ്വദേശിയായ ദിലീഫ് ആണ് ഇത്തരമൊരു സൃഷ്ടിക്ക് പിന്നിൽ. ലോകത്തിലെ ഏറ്റവും നീളമുള്ള, പൂർണ്ണമായും കൈ കൊണ്ടെഴുതപ്പെട്ട ഖുർആൻ ആണ് ദിലീഫ് രൂപം നൽകിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന് ഖുർആന്റെ പ്രദർശനം ഏറെ കൗതുകമായതായി സന്ദർശകർ പറഞ്ഞു.
ഏഴുമാസത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദിലീഫ് തന്റെ സ്വപ്നം യാഥാർത്ഥമാക്കിയത്. കാലിഗ്രാഫി ജനങ്ങളിൽ എത്തിക്കുകയെന്ന ആശയമാണ് ഈ രീതി തെരഞ്ഞെടുക്കാൻ പ്രചോദനമായതെന്ന് കാർട്ടൂണിസ്റ്റ് കൂടിയായ ദിലീഫ് പറഞ്ഞു. ഓരോ അക്ഷരത്തിലും കാലിഗ്രഫിയുടെ ഭംഗി എടുത്ത് കാണാമെന്നതാണ് ഈ ഖുറാന്റെ പ്രത്യേകത.
ദിവസവും പത്ത് പേജുകൾ വീതമാണ് ദിലീഫ് കാലിഗ്രാഫി ചെയ്യുക. മാനവിക ഐക്യം എന്ന ആശയം ഖുറാൻ പ്രകാശിപ്പിക്കുന്നുണ്ട്. ഖുർആന്‍റെ സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ, യുകെ, തുർക്കി എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിന്‍റെ മുന്നോടിയായാണ് കേരളത്തിലും നടത്തിയതെന്നും ദിലീഫ് കൂട്ടിച്ചേർത്തു.
600 മീറ്റർ നീളത്തിൽ ഈജിപ്റ്റുക്കാരൻ മുഹമ്മദ് ഗബ്രിയാൻ നിർമ്മിച്ച ഖുറാനാണ് മുന്നിലുണ്ടായിരുന്നത്. 2016-ൽ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്‍റൺ റാക്കറ്റ് നിർമ്മിച്ച് ദിലീഫ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഗാന്ധിജിയുടെ കൂറ്റൻ കരിക്കേച്ചറിലൂടെ ലിംക ബുക്കിലും ദിലീഫ് ഇടം നേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam