
കൊച്ചി: നാടിനെ നടുക്കിയ കളമശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. മലയാറ്റൂര്‍ സ്വദേശി പ്രദീപിന്‍റെ കുടുംബത്തിലെ മൂന്ന് പേരാണ് കളമശ്ശേരിയിലെ സ്ഫോടനത്തില്‍ മരിച്ചത്. ഭാര്യയെയും മകനെയും മകളെയുമാണ് പ്രദീപിന് നഷ്ടമായത്. ബാക്കിയായത് ഇളയ മകന്‍ രാഹുല്‍ മാത്രമാണ്.
കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ ലിബ്ന തൊട്ടടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി. പിന്നാലെ ഗുരുതരമായി പരിക്കേറ്റ അമ്മ സാലിയും. അമ്മയും അനിയത്തിയും മരിച്ചതറിയാതെ പ്രവീണും വിട പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ രാഹുല്‍ മാത്രമാണ് അതിജീവിച്ചത്.
ചെന്നൈയില്‍ മറൈന്‍ മെക്കാനിക്കായ പ്രവീണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി 10 ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അനിയത്തി ലിബ്നയുടെ മേല്‍ തീപടരുന്നത് കണ്ട് രക്ഷിക്കാന്‍ എത്തിയപ്പോഴാണ് പ്രവീണിന് പൊള്ളലേറ്റത്. അന്ന് മുതല്‍ അബോധാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പാചക തൊഴിലാളിയായ പ്രദീപിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു പ്രവീണ്‍.
ഇളയ മകന്‍ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കുടുംബം മലയാറ്റൂരിലെ വാടക വീട്ടിലാണ് മൂന്ന് വര്‍ഷമായി താമസം. സാമ്പത്തിക പ്രതിസന്ധികളിൽ മുന്നോട്ട് പോയിരുന്ന കുടുംബത്തിന് താങ്ങാനാകുന്നതിനപ്പുറമുള്ള ദുരന്തമാണ് നേരിടേണ്ടി വന്നത്. സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വീടെന്ന സ്വപ്നം ഇന്നും കുടുംബത്തിന് അകലെയാണ്.
നാടിനെ നടുക്കിയ കളമശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരു മാസമായി. 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസിലെ ഏക പ്രതി മാർട്ടിൻ നിലവിൽ റിമാൻഡിലാണ്. അന്വേഷണം പുരോഗമിക്കുമ്പോഴും കണ്‍മുന്നിലുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് സ്ഫോടനത്തിൽ പരുക്കേറ്റവർ. യഹോവ സാക്ഷികളുടെ ഉള്ളിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.