കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 80ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പതിനൊന്നാമനും അറസ്റ്റിൽ

By Web TeamFirst Published Oct 28, 2019, 11:33 AM IST
Highlights

കസ്റ്റഡിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ  ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പൂവാർ പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം: വസ്തു  ഇടപാടിനെത്തിയ ആളിനെ വാൾകാണിച്ച് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പതിനൊന്നാമനെയും പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കണ്ടല സ്വദേശി ഷമീർ (32) ആണ് അറസ്റ്റിലായത്. വസ്തുവാങ്ങാൻ സുഹൃത്തിനോടൊപ്പം പൂവാറിൽ എത്തിയ ആറ്റിങ്ങൽ സ്വദേശി അബ്ദുൽ നജീബിന്റെ കയ്യിൽ നിന്നും സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.  

വസ്തുവിന്റെ ഉടമയെ കാണാൻ പണവുമായെത്തിയ അബ്ദുൽ നജീബിനെ പ്രതികൾ, കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി കാറിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും കടന്നുകളയുകയുമായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥനത്തിൽ ഇടനിലക്കാരെ അടക്കം പത്തുപേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തിരുന്നു. കവർച്ച ചെയ്ത പണത്തിൽ 32 ലക്ഷം രൂപയും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

കസ്റ്റഡിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ  ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പൂവാർ പൊലീസ് അറിയിച്ചു. കവർച്ചക്ക് ശേഷം ഒളിവിൽ താമസിച്ചിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 
 

click me!