
ആലപ്പുഴ: കൃഷി ഓഫിസർ പ്രതിയായ കള്ളനോട്ട് കേസ്സിൽ ഒരാൾ കൂടിപിടിയിൽ. ഫെഡറൽ ബാങ്കിന്‍റെ ആലപ്പുഴ കോൺവെന്‍റ് സ്ക്വയർ ബ്രാഞ്ചിൽ കള്ളനോട്ടുകൾ കണ്ടെത്തിയ കേസിൽ ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. സബ്ബ് ഇൻസ്പെക്ടർ റെജിരാജ് വി ഡി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ അനു ആർ നായർ, മോഹൻകുമാർ, മനോജ് കൃഷ്ണ,രാഗി , ഷാൻ കുമാർ, വിപിൻദാസ്, തോമസ്, അഗസ്റ്റിൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ജിഷയെ കുടുക്കിയത് 7 നോട്ട്; ഫാഷൻ ഷോ, മോഡലിംഗ്, കൃഷി ഓഫീസർ ജോലി, എന്നിട്ടും കളളനോട്ട് മാഫിയ കണ്ണി!
കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസർ അറസ്റ്റിലായി എന്ന വാർത്ത ഈ മാസം 9 ാം തിയതിയാണ് പുറത്തുവന്നത്. ആലപ്പുഴ എടത്വയിൽ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഷമോൾ ആണ് കേസിൽ ആദ്യം അറസ്റ്റിലായത്. ആർക്കും അങ്ങനെ പെട്ടന്ന് സംശയം തോന്നുന്ന വ്യക്തിത്വമായിരുന്നില്ല ജിഷയുടേത്. അത്യാവശ്യം സാമ്പത്തിക നിലയുള്ള 39 കാരി വിവിധ മേഖലകളിലും തന്‍റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രത്യേകിച്ചും മോഡലിംഗ് മേഖലയിലും ഫാഷൻ ഷോകളിലുമൊക്കെ സജീവമായിരുന്നു ഇവർ. പ്രിയ വിനോദമായിരുന്ന ഫാഷൻ ഷോ, മോഡലിംഗ് മേഖലയിലൂടെതന്നെ ജിഷക്ക് നല്ല വരുമാനമുണ്ടായിരുന്നു. ഇതിനൊപ്പമാണ് കൃഷി ഓഫീസറായുള്ള ജോലിയും. കൃഷി ഓഫീസറും മോഡലുമൊക്കെയായ 39 കാരി എങ്ങനെ കളളനോട്ട് മാഫിയയുടെ കണ്ണിയായി എന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തുന്നത്. ഇക്കാര്യങ്ങൾ ഉള്‍പ്പെടെയുള്ള ദുരൂഹതകള്‍ നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷക്ക് പിഴച്ചത് 500 രൂപയുടെ 7 കള്ളനോട്ടിലാണ്. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഈ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് വൻ തട്ടിപ്പ് പുറത്തായത്. പിന്നാലെ പൊലീസെത്തി, പിന്നെ കാര്യങ്ങളെല്ലാം അതിവേഗത്തിലായിരുന്നു. ജിഷയെ അറസ്റ്റ് ചെയ്തു, പിന്നാലെ റിമാൻഡ്, ഒടുവിൽ ജോലിയിൽ നിന്നുള്ള സസ്പെൻഷൻ ഓർഡറും കിട്ടി ഈ 39 കാരിക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam