
തൃശൂര്‍: വസ്തുവാങ്ങാന്‍ മുന്‍കൂര്‍ കൊടുത്ത അഞ്ച് ലക്ഷം രൂപ മാത്രമല്ല, അപ്പുക്കുട്ടന്‍റെയും അയാളുടെ ഏറ്റവും വലിയ സമ്പാദ്യങ്ങളായ ഭാര്യയുടെയും മൂന്നുമക്കളുടെയും സമനിലകൂടിയാണ് ഒരു വായ്പ അപേക്ഷ തള്ളിയതോടെ നഷ്ടമായത്. ഇരുട്ടിനെ അഭയംപ്രാപിച്ച് രണ്ടരവര്‍ഷത്തോളമായി അപ്പുക്കുട്ടനും കുടുംബവും പൂത്തോളിലെ കേന്ദ്രസര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞുകൂടുന്നു.
സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായാണ് അപ്പുക്കുട്ടന്‍ പെന്‍ഷനായപ്പോള്‍ കിട്ടിയ തുക ചെലവഴിച്ചത്. തൃശൂര്‍ നഗരത്തില്‍ത്തന്നെ മൂന്നുസെന്‍റ് സ്ഥലം എട്ടുലക്ഷത്തിന് വാങ്ങാന്‍ ഉറപ്പിച്ചു. അഞ്ചുലക്ഷം രൂപ ഇതിനായി അഡ്വാന്‍സ് നല്‍കുകയും ചെയ്തു. വായ്പ നല്‍കാമെന്ന് പറഞ്ഞ ബാങ്ക് അവസാന നിമിഷം പിന്മാറിയതോടെ തീറ് നിശ്ചയിച്ച സമയമായിട്ടും ബാക്കി തുക അപ്പുക്കുട്ടന് കൊടുക്കാനായില്ല.
വസ്തു തീറാക്കി കൊടുക്കേണ്ട ദിവസം ഉടമ അപ്പുക്കുട്ടനെ ക്വാട്ടേഴ്‌സില്‍ തിരക്കിയെത്തിയെങ്കിലും പണം തയ്യാറാകാതെ സമ്മര്‍ദ്ദത്തിലായ അപ്പുക്കുട്ടന്‍ ക്വാര്‍ട്ടേഴ്സിന്‍റെ വാതില്‍ തുറന്നില്ല. ഭൂവുടമ പിന്നെയും അപ്പുക്കുട്ടനെ തേടിയെത്തിയെങ്കിലും അപ്പുക്കുട്ടനെ കാണാനാവാതെ മടങ്ങേണ്ടി വന്നു. ഫോണില്‍ അപ്പുക്കുട്ടനുമായി ബന്ധപ്പെടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഭൂവുടമ അപ്പുക്കുട്ടന്റെ മകന്‍ ജോലി ചെയ്യുന്ന കടയിലെത്തി. ഇത് പതിവായതോടെ മകന്‍ കടയില്‍ പോകുന്നതും നിര്‍ത്തി. മകളെ ജോലിക്ക് വിടുന്നതും അപ്പുക്കുട്ടന്‍ അവസാനിപ്പിച്ചു. ആരും വീടിനു പുറത്തിറങ്ങരുതെന്നായി അപ്പുക്കുട്ടന്റെ നിര്‍ദ്ദേശം.
അപ്പുക്കുട്ടന്റെ ആ ഉള്‍ഭയം കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന നോട്ടീസ്‌കൂടി കിട്ടിയതോടെ അവസ്ഥകള്‍ വീണ്ടും മോശമായി. ഇടയ്‌ക്കൊന്ന് പുറത്തിറങ്ങും. അതും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കിയശേഷം. അത്യാവശ്യം സാധനങ്ങള്‍ വാങ്ങി വേഗം അകത്തുകടന്ന് വാതില്‍ കുറ്റിയിടും. വീട്ടുകാര്‍ക്കെല്ലാം പനിയാണ് എന്നാണ് തുടക്കത്തില്‍ അയല്‍ക്കാരാട് പറഞ്ഞിരുന്നത്.
കുടിശിക വര്‍ദ്ധിച്ചതോടെ വൈദ്യുതിബന്ധം നിലച്ചു. സഹായം നല്‍കാമെന്ന് കരുതി വരുന്നവര്‍ക്കുമുന്നില്‍ പോലും അപ്പുക്കുട്ടന്റെ വീടിന്റെ വാതില്‍ തുറന്നില്ല. അയല്‍ക്കാരില്‍ ആരോ ഇവരുടെ അവസ്ഥ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സാമൂഹികനീതി വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ അപ്പുക്കുട്ടന്റെ വീട്ടുവാതില്‍ തള്ളിത്തുറന്നത്.
രണ്ടരവര്‍ഷത്തോളമായ ഒറ്റപ്പെടലിന്‍റെ ഒടുവില്‍ വളര്‍ന്ന് ജടപിടിച്ച മുടിയും നീണ്ടുവളര്‍ന്ന നഖങ്ങളും കീറിപ്പറഞ്ഞ വസ്ത്രങ്ങളുമായി നൊമ്പരപ്പെടുത്തുന്ന മനുഷ്യക്കോലങ്ങളെയാണ് കണ്ടെത്തിയത്. മുഖത്ത് വെളിച്ചം തട്ടിയപ്പോള്‍ അവര്‍ ഭയന്നു. ആളുകളെ കണ്ടപ്പോഴും മുഖത്ത് ഭീതിയായിരുന്നു നിഴലിച്ചത്. മുറിക്കുള്ളില്‍ കാലങ്ങളായുള്ള മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നും പാത്രങ്ങള്‍ വൃത്തിയാകാതെ നിലയിലുമായിരുന്നു വീടിനകം കിടന്നിരുന്നത്. അയല്‍ക്കാരില്‍ ആരോ ഇവരുടെ അവസ്ഥ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സാമൂഹികനീതി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് അപ്പുക്കുട്ടന്റെ വീട്ടുവാതില്‍ തള്ളിത്തുറന്നത്. ഇവരെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. പൊലീസ് സഹായത്തോടെ ആശുപത്രിയിലുമെത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam