ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ കടത്തല്‍; സാക്ഷി പറഞ്ഞ യുവാവിനെ ക്ഷേത്രം പ്രസിഡന്‍റും പ്രതിയും ചേര്‍ന്ന് മര്‍ദിച്ചു

Published : Sep 01, 2018, 08:51 PM ISTUpdated : Sep 10, 2018, 02:03 AM IST
ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ കടത്തല്‍; സാക്ഷി പറഞ്ഞ യുവാവിനെ ക്ഷേത്രം പ്രസിഡന്‍റും പ്രതിയും ചേര്‍ന്ന് മര്‍ദിച്ചു

Synopsis

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അൻസാർ, പ്രസിഡന്റ് ബിബീഷ് എന്നിവരും ചേർന്ന് നിലത്ത് വീണു കിടന്ന ശ്രീകേശിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയയാളും ക്ഷേത്രം പ്രസിഡൻറും ചേർന്ന് സാക്ഷിപറഞ്ഞ യുവാവിനെ മർദ്ദിച്ചു. പുറക്കാട് കിഴക്കേടത്തുമഠത്തിൽ ശ്രീകുമാർ പ്രഭു - പത്മിനി ദമ്പതികളുടെ മകൻ  ശ്രീകേശ് പ്രഭു ( 21)വിനാണ് മർദ്ദനമേറ്റത്.

കവിളിലും കഴുത്തിലും അടിയും ചവിട്ടുമേറ്റ ശ്രീകേശിനെ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ പ്രവേശിപ്പിച്ചു. ദുരിതബാധിതർക്കായി വിതരണം ചെയ്യാനെത്തിച്ച അരിയുൾപ്പടെയുള്ള ചാക്ക് കണക്കിന് സാധനങ്ങൾ മോഷ്ടിച്ച് റിമാന്‍റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത അമ്പലപ്പുഴ കോമന കൃഷ്ണകൃപയിൽ രാജീവ് പൈ(65), ഇയാളുടെ സുഹൃത്തും ശ്രീ വേണുഗോപാല ദേവസ്വം പ്രസിഡന്റുമായ എൻ എസ് ജയകുമാറും ചേർന്നാണ് മർദ്ദിച്ചതെന്ന് ശ്രീകേശ് പ്രഭു അമ്പലപ്പുഴ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ദേവസ്വം മാനേജറാണ് രാജീവ് പെെ. ഇന്ന് പുലർച്ചെ 7:30ഓടെയായിരുന്നു സംഭവം. ക്ഷേത്രം വൈസ് പ്രസിഡന്‍റ് കൂടിയായ ശ്രീകുമാർ പ്രഭുവും മകൻ ശ്രീകേശ് പ്രഭുവും ക്ഷേത്രത്തിൽ തൊഴാനെത്തിയതായിരുന്നു. ഈ സമയം ക്ഷേത്രം ഓഫീസിലേക്കു കടക്കാൻ ശ്രമിച്ച രാജീവ് പൈയെ ശ്രീകുമാർ തടഞ്ഞു.

നിർധനർക്കുള്ള സാധനങ്ങൾ മോഷ്ടിച്ച് ജയിലിൽ കിടന്നയാൾ ഓഫീസിൽ കയറരുതെന്നും ഇനി മുതൽ കളളന്റെ കൈയ്യിൽ താക്കോല്‍ ഏൽപ്പിക്കരുതെന്നും ജയകുമാറിനോടു പറഞ്ഞു. ഈ സമയം ഇരുവരും ചേർന്ന് ശ്രീകുമാറിനെ അസഭ്യം പറയുകയും കൈയ്യേറ്റത്തിനു ശ്രമിക്കുകയുമായിരുന്നു.

ഇതു മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ ജയകുമാർ ഫോൺ തട്ടി തെറുപ്പിക്കുകയും ഇരുവരും ചേർന്ന് ശ്രീകേശിനെ മർദ്ദിക്കുകയുമായിരുന്നു. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പി കൊണ്ടു അടിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീകുമാറും ശ്രീകേശും പുറത്തേക്കോടി രക്ഷപെട്ടു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അൻസാർ, പ്രസിഡന്റ് ബിബീഷ് എന്നിവരും ചേർന്ന് നിലത്ത് വീണു കിടന്ന ശ്രീകേശിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ യോഗം ചേർന്ന് രാജീവ് പൈയെ ദേവസ്വം മാനേജർ സ്ഥാനത്തു നിന്ന് പുറത്താക്കി.

എന്നാൽ, രാജീവ് പെെ അഴിമതി നടത്താൻ ക്ഷേത്രം പ്രസിഡന്‍റിന്‍റെ ഒത്താശയോടെ ദേവസ്വം മാനേജർ സ്ഥാനത്തെത്തിയതാണെന്നും ആരും തെരഞ്ഞെടുത്തതല്ലന്നും കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലേക്കു നൽകാനായി ശേഖരിച്ച സാധനങ്ങൾ സൂക്ഷിച്ചത് ക്ഷേത്രത്തിന്റെ അധീനതയിലുളള മുറിയിലല്ലന്നും രാജീവ് പൈയുടെ ഉടമസ്ഥതയിലുള്ള വേണുഗോപാല സേവാ ശ്രമം എന്ന സ്വകാര്യ ലോഡ്ജിലാണന്നും അവർ പറഞ്ഞു.

നാല് എസി മുറികളടക്കം 8 മുറികളുള്ള ലോഡ്ജ് പഞ്ചായത്ത് അനുമതിയോടെയല്ല പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. ഇവിടെ രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് പുറക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സന്തോഷിന്റെ ഒത്താശയോടെ രാജീവ് പൈ മോഷ്ടിച്ചത്. സംഭവത്തിൽ വെള്ളിയാഴ്ചയാണ് രാജീവ് പൈക്ക് ജാമ്യം ലഭിച്ചത്.സന്തോഷ് ഇപ്പോഴും റിമാൻറിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം