
കണ്ണൂർ: വിമാനത്തിലെ കയ്യേറ്റത്തിന്‍റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി ഇൻഡിഗോയിൽ പിന്നെ കയറിയിട്ടില്ല. ട്രെയിനിലാണ് യാത്രയെല്ലാം. ഒരു വർഷത്തെ ട്രെയിൻ യാത്രകളെക്കുറിച്ച്, വന്ദേഭാരത് വന്നപ്പോഴുളള സൗകര്യത്തെക്കുറിച്ച്, ഇൻഡിഗോയോട് ഇനിയും ക്ഷമിക്കാത്തതിനെ കുറിച്ചെല്ലാം ഇപി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.
ഇൻഡിഗോ വിമാനത്തിൽ കയറാതിരുന്നതുകൊണ്ട് തനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. വിലക്കുകൊണ്ട് തനിക്ക് സാമ്പത്തിക ലാഭം മാത്രമാണ് ഉണ്ടായത്. ട്രെയിനിൽ യാത്ര ചെയ്യാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. പണ്ട് വെടിയേറ്റതിന്റെ ഭാഗമായി, ശ്വാസത്തിന്റെ പ്രശ്നമുണ്ട്. അതിനായി ഞാനൊരു മെഷീൻ ഉപോയിഗിക്കുന്നുണ്ട്. ട്രെയിനിൽ 11 മണി കഴിയുമ്പോൾ മൊബൈൽ ചാർജ് ചെയ്യുന്ന ആ പ്ലഗ് അവർ ഓഫ് ചെയ്യും. അതുവഴിയാണ് ഞാനത് ഉപോയിഗക്കുന്നത്. അതുകൊണ്ട് നേരത്തെ തന്നെ അവരോട് പറയുകയാണ് ചെയ്യാറുള്ളത്. വന്ദേഭാരത് നല്ല സർവീസാണ്. പെട്ടെന്ന് കണ്ണൂരിലെത്താൻ പറ്റും. ഇതിലും വേഗത്തിലുള്ള സർവീസുകൾ വരുന്നത് നല്ലതാണ്. ഇൻഡിഗോയെകൊണ്ട് മാപ്പ് പറയിക്കണമെന്നില്ല. അതൊരു മാന്യമായ രീതിയല്ല. പക്ഷെ അവർക്ക് പറ്റിയ തെറ്റ് അവർ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കും ആയിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇൻഡിയിൽ കയറില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ പ്രഖ്യാപിച്ചതും അത് തുടരുന്നതും.
ആദ്യഘട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രം കേസെടുത്ത പൊലീസ് നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിമാനക്കമ്പനിയുടെ വിലക്കിന് പിന്നാലെ കോടതി നിർദേശ പ്രകാരം ഇ പി ജയരാജനെതിരെയും പൊലീസിന് കേസ് എടുക്കേണ്ടിവന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും ഇ പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടോയെണ് കേസെടുക്കാൻ പൊലീസ് നിര്‍ബന്ധിതരായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam