
ഹരിപ്പാട്: കരുവാറ്റ കല്പകവാടിക്ക് സമീപം വേലഞ്ചിറ തോപ്പിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ഒരു വർഷത്തിലേറെ പഴക്കം തോന്നിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കാട് പിടിച്ചുകിടന്ന ഇവിടം ആഴ്ചകൾക്ക് മുമ്പ് തീപ്പിടിച്ച് കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സമീപത്തെ തോട്ടിൽ ചൂണ്ടയിട്ട് മത്സ്യം പിടിക്കാൻ വന്ന ചില കുട്ടികൾ ബുധനാഴ്ച വൈകുന്നേരമാണ് അസ്ഥികൂടം കണ്ടത്. നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും ഉടൻ ഹരിപ്പാട് പൊലീസിനെ വിവരമറിയിച്ചു. രാത്രിയോടെ പൊലീസ് എത്തി സ്ഥലം സീൽ ചെയ്തു. ഇന്ന് രാവിലെ 10 മണിയോടെ കായംകുളം ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ആലപ്പുഴ നിന്ന് സയന്റിഫിക് ഓഫീസറും വിരലടയാള വിദഗ്ധരും അടങ്ങുന്ന സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു.
അസ്ഥികൂടത്തിന്റെ തലയോട് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പലയിടത്ത് ചിതറിക്കിടക്കുകയായിരുന്നു. സമീപത്ത് നിന്ന് ഷർട്ടിന്റെ കഷ്ണം കിട്ടിയതിനാൽ പുരുഷന്റെ അസ്ഥികൂടമാണെന്ന് കരുതുന്നു. പകുതി കത്തിക്കരിഞ്ഞ നിലയിൽ കീടനാശിനി കുപ്പി, പകുതി കരിഞ്ഞ കുട എന്നിവ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 12 മണിയോടെ അസ്ഥികൂടം വിദഗ്ധ പരിശോധനക്കായി ആലപ്പുഴയ്ക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam