
കല്‍പ്പറ്റ: വയനാട്ടില്‍ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്. എസ്.ബി.ഐയുടെ വൈത്തിരി കുന്നത്തിടവക ബ്രാഞ്ചില്‍ എക്കൗണ്ടുള്ള തളിപ്പുഴ സ്വദേശി സെയ്ത് അലവിക്ക് 19500 രൂപ നഷ്ടമായതായാണ് പരാതി. ഇന്നലെയാണ് പണം നഷ്ടപ്പെട്ട വിവരം സെയ്തലവി അറിഞ്ഞത്. തുടര്‍ന്ന് വൈത്തിരി പോലീസിലും ബാങ്ക് ഓഫീസിലും എത്തി ഇദ്ദേഹം രേഖാമൂലം പരാതി നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് പണം പിന്‍വലിച്ചരിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് നടത്തിയതായാണ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന സന്ദേശത്തിലുള്ളത്. ഇത്തരത്തില്‍ ആറുതവണയായി നടത്തിയ ഇടപാടിലാണ് 19500 രൂപ നഷ്ടമായിരിക്കുന്നത്. ഒ.ടി.പി (ഇടപാട് നടത്താനുള്ള രഹസ്യനമ്പര്‍) പോലും വരാതെ പണം പിന്‍വലിച്ചിരിക്കുന്നതിനാല്‍ ശനിയാഴ്ച എക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ മാത്രമാണ് തട്ടിപ്പ് മനസിലായത്. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ തന്നെ വന്ന എന്തെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ചകള്‍ തട്ടിപ്പുകാര്‍ മുതലെടുത്തത് ആകാമെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
വലിയ സംഖ്യയുടെ ഇടപാടിനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ പിന്നീട് 15000 രൂപയുടെയും 900 രൂപ വീതം അഞ്ച് ഇടപാടുകളുമാണ് നടത്തിയത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തു. ഇതിന് ശേഷവും തട്ടിപ്പിന് ശ്രമം നടന്നതായി പരിശോധനയില്‍ കണ്ടെത്തി. എക്കൗണ്ടില്‍ നിന്ന് ഉടമ അറിയാതെ പണം നഷ്ടപ്പെട്ടതായുള്ള സെയ്തിന്റെ പരാതി ലഭിച്ചതായും ഇത് ഉടന്‍ ബാങ്കിന്റെ ഫ്രോഡ് മോണിറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി വൈത്തിരി എസ്.ഐ അബ്ദുല്‍ ഷെരീഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam