മുറിയിൽ പ്രത്യേകം സജീകരണങ്ങളോടെയായിരുന്നു ധനുഷിന്‍റെ കഞ്ചാവ് വളർത്തൽ. കഞ്ചാവ് ചെടികൾക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാനടക്കം ഈ യുവാവ് ക്രമീകരിച്ചിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ വീടിനുള്ളിലെ കഞ്ചാവ് തോട്ടം കയ്യോടെ പിടികൂടി പൊലീസ്. വീട്ടിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളർത്തിയ യുവാവിനെ സിറ്റി ഷാഡോ പൊലിസാണ് അറസ്റ്റ് ചെയ്തത്. വലിയതുറ സ്വദേശി ധനുഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ പ്രത്യേകം സജീകരണങ്ങളോടെയായിരുന്നു ധനുഷിന്‍റെ കഞ്ചാവ് വളർത്തൽ. കഞ്ചാവ് ചെടികൾക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാനടക്കം ഈ യുവാവ് ക്രമീകരിച്ചിരുന്നു. പിടിയിലായ ധനുഷ് എം ഡി എം എ കേസിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

തിരൂരിലും കഞ്ചാവ് വേട്ട

അതിനിടെ തിരൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട എന്നതാണ്. തിരൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. തിരൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ കാർത്തികേയൻ പി, ആർ പി എഫ് സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി കെ സൂരജ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി, കണ്ണൻ എ വി, ആർ പി എഫ് എ എസ് ഐ മാരായ പ്രമോദ്, ഹരിഹരൻ, ഹെഡ് കോൺസ്റ്റബിൾമാരായ ബൈജു, വിജേഷ്, ഗോകുൽ ദാസ്, രാധാകൃഷ്ണൻ, കോൺസ്റ്റബിൾമാരായ പ്രവീൺ, ബാബു, സന്ദീപ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.