
മലപ്പുറം: മാർച്ച് 29, ആ തീയതിക്കായി കാത്തിരിപ്പിലായിരുന്നു സൈഫുദ്ധീനും ഷബ്നയും. കൊറോണ ഭീതിക്കിടയില്‍ കാത്തിരുന്ന വിവാഹസുദിനം ഒടുവില്‍ അവര്‍ മാറ്റി വച്ചു. എന്നാല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും തീയതി നീണ്ടു. ഒടുവില്‍ ആഘോഷമില്ലാതെ, ആള്‍ക്കൂട്ടമില്ലാതെ ഓണ്‍ലൈനില്‍ ആശംസകള്‍ ഏറ്റുവാങ്ങി അവരൊന്നായി.
2020 മാർച്ച് 29 നാണ് പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി ഒറ്റകത്ത് സിദ്ദിഖ് -ആസ്യ ദമ്പതികളുടെ മകൾ ഷബ്ന ജാസ്മിനും കോടനാട് തിരുത്തുമ്മൽ സ്വദേശി സൈഫുദ്ധീനും തമ്മിലുള്ള വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു. ഒരുക്കങ്ങളെല്ലാം പൂർത്തിയാകുന്നതിനിടെയാണ് കൊവിഡ് 19 എന്ന മഹാമാരി ,സന്തോഷത്തിന് ലോക്കിട്ടത്.
നാട് മുഴുവൻ കൊറോണ ഭീതിയിലായപ്പോൾ നിശ്ചയിച്ച വിവാഹം മാറ്റി വെക്കുകയോ ലളിതമായി ചടങ്ങുകളിലൊതുക്കുകയെ നിർവാഹമുള്ളൂ. ഇരു കുടുംബവും കൂടിയാലോചിച് കല്യാണം ഏപ്രിൽ അഞ്ചിന് ലളിതമായി വീട്ടിൽ വെച്ച് നടത്താനും പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ (ZOOM) ചടങ്ങുകൾ വീക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു.
കർഫ്യൂ നില നിൽക്കുന്നത് കൊണ്ട് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കർശനമായി പാലിക്കാമെന്ന ഉറപ്പിൽ വില്ലേജിന്റെയും പൊലീസിന്റെയും അനുമതിയും വാങ്ങി. രണ്ട് വാഹനത്തിലായി വരനടക്കം ആറു പേർ വധു ഗൃഹത്തിലേക്ക് പോന്നെങ്കിലും ജില്ലാതിർത്തിയിൽ പുലാമന്തോൾ വെച്ച് പൊലീസ് ഒരു വാഹനത്തിനു മാത്രമാണ് അനുമതി നൽകിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കല്യാണത്തിന് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രത്യേകം സജ്ജമാക്കിയ ഓൺലൈൻ സൗകര്യത്തിൽ ചടങ്ങുകൾ വീക്ഷിക്കുകയും വധു വരൻമാർക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇരു വീട്ടുകാർ ഉൾപ്പെടെ ഇരുപതിൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫേസ്മാസ്‌കും ഗ്ലൌസും ധരിച്ചു വാഹനത്തിൽ കയറിയ കല്യാണ പെണ്ണിനെ അനുഗമിക്കാൻ കൂട്ടുകാരികളും ബന്ധുക്കളുമില്ലാത്തതിന്റെ വിഷമം ഷബ്ന പങ്ക് വെച്ചു. കല്യാണം ലളിതമാക്കി നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇത്രയും ലളിതമാകുമെന്നു കരുതിയതല്ലന്ന് വരൻ സൈഫുദ്ധീൻ പറഞ്ഞു. കൊറോണക്കിടയിൽ ജില്ലയിൽ നടന്ന രണ്ടാമത്തെ ഓൺലൈൻ കല്യാണമാണ് ഇന്നലെ നടന്നത്. ആദ്യ ഓൺലൈൻ കല്യാണം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam