മലപ്പുറത്ത് വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

By Web TeamFirst Published Apr 7, 2020, 10:26 AM IST
Highlights

വനമേഖലയിലെ 1958 തേക്ക് പ്ലാന്‍റേഷനില്‍ വിറക് ശേഖരിക്കാനായി പോയതായിരുന്നു അസ്മാബി. ഇതിനിടെയിലാണ് കാട്ടാന ആക്രമിച്ചത്. 

മമ്പാട്: മലപ്പുറം ജില്ലയിലെ മമ്പാട്  വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. മമ്പാട് പുള്ളിപ്പാടം സ്വദേശിയായ അസ്മാബിയാണ്(53)മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ എടവണ്ണ റേഞ്ചിലെ ഒന്നാം തോട് വനമേഖലയില്‍ വച്ചാണ് അസ്മാബിയെ കാട്ടാന ആക്രമിച്ചത്.

വനമേഖലയിലെ 1958 തേക്ക് പ്ലാന്‍റേഷനില്‍ വിറക് ശേഖരിക്കാനായി പോയതായിരുന്നു അസ്മാബി. ഇതിനിടെയിലാണ് കാട്ടാന ആക്രമിച്ചത്. അസ്മാബിയുടെ കൂടെയുണ്ടായിരുന്ന കദീജ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ആനയുടെ തട്ടേറ്റ് തെറിച്ച് വീണ അസ്മാബി മരത്തില്‍ ഇടിച്ച് വീണു. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ അല്‍‌ഷിഫ ആശുപത്രിയിലുമെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

അസ്മാബിയുടെ ഭര്‍ത്താവ് കുഞ്ഞാലന്‍കുട്ടി വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറാണ്. മക്കള്‍ സുനീര്‍, നിഷാദ്, ജംഷീര്‍, ജംഷീന, സിയാദ്. മരുമക്കള്‍: ഷാജി, ഉമ്മുഹബീബ, ഫെബിന, ഷംല. അസ്മാബിയുടെ ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് അത്തക്കടവ് മുജാഹിദ് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

click me!