
ഇടുക്കി: ദൈവത്തെ പോലെ ആരാധിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിൽ ദുഃഖാർത്തരായ കഞ്ഞിക്കുഴി മഴുവടി ഉമ്മൻ ചാണ്ടി കോളനി ആദിവാസികൾ പരമ്പാരഗത രീതിയിൽ ദു:ഖാചരണം തുടങ്ങി. സമുദായ ആചാര പ്രകാരം കുടുംബത്തിലെ അംഗം മരിച്ചാൽ ചെയ്യേണ്ട എല്ലാ കർമങ്ങളും കോളനിവാസികൾ അനുഷ്ഠിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മരണവാർത്തയറിഞ്ഞ് ചൊവ്വാഴ്ച ഛായാചിത്രത്തിനു മുന്നിൽ കെടാവിളക്ക് കത്തിച്ചാണ് കോളനിയിലെ ആദിവാസികൾ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയത്. പുഷ്പാർച്ചനക്ക് ശേഷം പ്രത്യേക പ്രാർത്ഥനയും നടത്തിയിരുന്നു.
സംസ്ക്കാരത്തിനു ശേഷമാണ് കെടാവിളക്ക് അണച്ചത്. വ്രതമെടുത്ത് വീടുകളിൽ പ്രാർത്ഥന തുടരുകയാണ്. സംസ്കാരം കഴിഞ്ഞ് ഏഴാം നാൾ മരണാനന്തര ചടങ്ങുകളും നടത്തും. അതുവരെ എല്ലാ വീടുകളിലും മരിച്ചയാൾക്കായി ഒരു നേരത്തെ ഭക്ഷണം വിളമ്പി മാറ്റി വയ്ക്കും. മത്സ്യ മാംസാദികൾ കോളനിയിൽ കയറ്റില്ല. 26 ന് രാവിലെ മഴുവടി കമ്യൂണിറ്റി ഹാളിലാണു മരണാനന്തര ചടങ്ങുകൾ നടക്കുക.
മലദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള പാട്ടുകളുടെ അകമ്പടിയോടെയാണു കൂത്ത്. പങ്കെടുക്കുന്നവർക്കായി ഭക്ഷണവും തയാറാക്കും. മരിച്ചയാൾക്ക് പ്രത്യേകമായി പുതിയ കലത്തിൽ, പുതു വെള്ളത്തിൽ ചോറും കറിയുമുണ്ടാക്കും. പ്രതീകാത്മകമായി തൂശനിലയിട്ട് കോളനി നിവാസികൾ അൽപാൽപ്പമായി ചോറും വിഭവങ്ങളും വിളമ്പും. ഇതിനൊപ്പം ഒരു ഗ്ലാസ് വെള്ളവും ഒരാൾക്കുള്ള മുറുക്കാനുമുണ്ടാകും. ചടങ്ങുകൾക്കു ശേഷം ഇത് എടുത്തു മാറ്റും. മരണ ദിവസം ഈ ചടങ്ങുകൾ അടുത്ത മൂന്ന് വർഷമുണ്ടാകും. മന്നാൻ സമുദായത്തിന്റെ പരമ്പരാഗത ആചാര പ്രകാരം എല്ലാ വർഷവും ജനുവരി 16, 17 തീയതികളിൽ പ്രത്യേക ആചാരങ്ങൾ നടത്താറുണ്ട്. ഈ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക പ്രാർഥനകളുമുണ്ടാകും. ഒരു ബസിൽ നിറയെ ആളുകൾ പുതുപ്പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ജനനായകന് കണ്ണീര്‍പ്പുകളോടെ വിട നല്‍കി ജന്മനാട്; അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
https://www.youtube.com/watch?v=gYmOMPyd7Ms
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam