കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ കോഴിക്കോട് കോർപ്പറേഷന്‍റെ ഓപ്പറേഷൻ 360

By Web TeamFirst Published Aug 21, 2019, 11:05 AM IST
Highlights

കോഴിക്കോട് കോര്‍പറേഷനില്‍ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി ഭരണസമിതി തന്നെ സമ്മതിക്കുന്നു. 300 ദിവസത്തിനകം ഈ ഫയലുകള്‍ തീര്‍പ്പാക്കാനാണ് തീരുമാനം. 

കോഴിക്കോട്: കെട്ടിക്കിടക്കുന്ന ഫയലുകൾ തീ‍ർപ്പാക്കാനും സേവനങ്ങൾ യഥാസമയം ജനങ്ങളിലെത്തിക്കാനും പ്രത്യേക പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. ഓപ്പറേഷൻ 360 എന്ന പേരിൽ ഒരു വർഷത്തിനകം നടപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ അന്തിമ രൂപം നൽകി.

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനാണ് ഓപ്പറേഷന്‍ 360ല്‍ ആദ്യ പരിഗണന. കോഴിക്കോട് കോര്‍പറേഷനില്‍ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി ഭരണസമിതി തന്നെ സമ്മതിക്കുന്നു. 300 ദിവസത്തിനകം ഈ ഫയലുകള്‍ തീര്‍പ്പാക്കാനാണ് തീരുമാനം. 

ക്ഷേമ പെൻഷനുകളുടെ അപേക്ഷകൾ 60 ദിവസം കൊണ്ട് തീർ‍പ്പാക്കും. പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെട്ട 2000 കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ വീട്, ഞെളിയൻപറമ്പിൽ ഒരു വര്‍ഷത്തിനകം മാലിന്യത്തില്‍ നിന്ന് ഊർജ്ജമുല്‍പ്പാദിപ്പിക്കുന്ന പ്ലാന്‍റ് തുടങ്ങിയവയും ഓപ്പറേഷന്‍ 360ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിഷൻ 360ൽ ഉൾപ്പെടുന്ന പദ്ധതികളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എളുപ്പം നടപ്പാക്കാവുന്ന പദ്ധതികൾ ഗ്രീനിലും, സമയമെടുത്ത് നടത്തേണ്ടവ ഓറഞ്ചിലും സങ്കീർണമായവ റെഡ് വിഭാഗത്തിലും ഉൾപ്പെടും. കോര്‍പറേഷന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

click me!