
മലപ്പുറം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടപ്പാക്കി വരുന്ന സൈ ഹണ്ട് ഓപറേഷനില്‍ മലപ്പുറം ജില്ലയില്‍ 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 94 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 750 റെയ്ഡുകളാണ് നടത്തിയത്. 171 ഉപകരണങ്ങളും 320 രേഖകളും പിടികൂടി പൊലീസ് നിയമ നടപടി സ്വീകരിച്ചു. രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎമ്മിലൂടെയും പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകക്ക് നല്‍കി കമീഷന്‍ പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി പ്രഥമ ദൃഷ്ടിയില്‍ ബോധ്യപ്പെട്ടവരെയാണ് നോട്ടീസ് നല്‍കി വിട്ടയച്ചത്. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന മുറക്ക് അറസ്റ്റ് ചെയ്യും. ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വാടകക്ക് നല്‍കുന്നവര്‍ നിസ്സാര തുക കൈപ്പറ്റി വലിയ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈമാറ്റം ചെയ്തത് മലപ്പുറം ജില്ലയിലാണെന്ന് പൊലീസ് പറഞ്ഞു. ഏകദേശം 25,000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്നുണ്ടെന്ന് സൈബര്‍ വൃത്തങ്ങള്‍ അറിയിച്ചു. പലപ്പോഴും യഥാര്‍ഥ അക്കൗണ്ട് ഉടമ അറിയാതെയാണ് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്. പൊലീസ് യഥാര്‍ഥ അക്കൗണ്ട് ഉടമയെ തേടിയെത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ സൈബര്‍ തട്ടിപ്പിനും മറ്റ് വലിയ കുറ്റകൃത്യങ്ങള്‍ക്കും തങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചു വരുന്നുണ്ടെന്ന കാര്യം ഉടമസ്ഥര്‍ അറിയുന്നത്.
ആരെങ്കിലും ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകളോ സിം കാര്‍ഡുകളോ ആര്‍ക്കെങ്കിലും ഉപയോഗിക്കുന്നതിനായി നല്‍കിയിട്ടുണ്ടെങ്കില്‍ അത്തരം ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും അടിയന്തരമായി റദ്ദ് ചെയ്യണം. പൊതുജനങ്ങള്‍ സംശയാസ്പദമായ കോളുകളും ഓണ്‍ലൈന്‍ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ പരാതികള്‍ ഉടന്‍ കേരള പൊലീസിന്റെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam