
കല്‍പ്പറ്റ: പിഞ്ചുകുഞ്ഞുങ്ങളുള്ളത് പോലും വകവെക്കാതെ കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍മുഴക്കുന്ന വാഹനങ്ങള്‍ വയനാട്ടിലെ നഗരങ്ങളിലെ പോലും സ്ഥിരം കാഴ്ച്ചയാണ്. മോട്ടോര്‍ വാഹനവകുപ്പിലെ(Motor Vehicle Department) ഉന്നതരെ അടക്കം വിളിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. എന്നാല്‍ പരാതികള്‍ ഏറിയതിന്റെയും സാമൂഹിക മാധ്യമങ്ങളില്‍(Sociel Media) അടക്കം എം.വി.ഡിക്കെതിരെ(MVD) വിമര്‍ശനമുയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കുന്ന നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചു.
രണ്ട് ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച 'ഓപ്പറേഷന്‍ ഡെസി ബെല്ലി'ല്‍(Operation Decibel ) 138 വാഹനങ്ങളില്‍ നിന്നായി 2,10,000 രുപയാണ് പിഴയായി ലഭിച്ചത്. നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കിയതും, ശബ്ദപരിധി ലംഘിച്ചതും, സൈലെന്‍സറുകളില്‍ രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങള്‍ കണ്ടെത്തിയായിരുന്നു പിഴ ഈടാക്കല്‍. എന്‍ഫോഴ്സ്മെന്റിന്റെയും, ആര്‍.ടി.ഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനപ്രകാരം ഓട്ടോ, ബസ് ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിതകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ചെവിയടഞ്ഞു പോകുന്ന തരത്തിലുള്ള ഹോണുകളുടെ ഉപയോഗം വര്‍ധിച്ചതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ഇത്തരം വാഹനഉടമകള്‍ക്കെതിരെ സ്ഥിരമായി നടപടിയില്ലാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നാണ് ജനങ്ങളുടെ ആരോപണം. ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റുമൊഴികെയുള്ള പരിശോധനകള്‍ സീസണ്‍ അടിസ്ഥാനത്തില്‍ ചെയ്യുകയാണ് എം.വി.ഡിയെന്നാണ് ആക്ഷേപം.
തെറ്റായ പാര്‍ക്കിങ്, അനുവദനീയമല്ലാത്ത ലൈറ്റുകള്‍, മറ്റു അലങ്കാരങ്ങള്‍ എന്നിവക്കെതിരെയൊന്നും സ്ഥിരമായി നടപടി വരുന്നില്ല. എന്നാല്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി, ആര്‍.ടി.ഒ ഇ. മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ താഴെയുള്ള ഇമെയില്‍/ഫോണ്‍ നമ്പര്‍ മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കാം. rtoe12.mvd@kerala.gov.in. ഫോണ്‍: 9188961290.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam