
തൃശൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി ഒരാളെ തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ആളൂര്‍ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കല്‍ വീട്ടില്‍ ബിനു (26) ആണ് അറസ്റ്റിലായത്. ഓക്‌ടോബര്‍ 18 ന് രാവിലെ 8.15 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.07 ഗ്രാം എം.ഡി.എം.എയും വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 22,000 രൂപയും എം.ഡി.എം.എയുടെ ചില്ലറവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ ബിനു ആളൂര്‍, കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു പോക്‌സോ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ലഹരി ഉപയോഗിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവര്‍ത്തി ചെയ്ത കേസിലും ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗംഗാധരന്‍, കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോജ് എ, മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജു എ എന്‍ ഡാന്‍സാഫ് എസ്.ഐമാരായ ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, ആളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. ശ്രീനിവാസന്‍ എം.എസ്., ജി.എ.എസ്.ഐമാരായ ഷിജോ, മിനിമോള്‍, സി.പി.ഒമാരായ അജീഷ്, അഭിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam