ഓപ്പറേഷന്‍ ജലരക്ഷ -2 ; ഓരോ പോലീസുകാരനും ഓരോ കുടുംബത്തിന്‍റെ പുനരധിവാസം ഏറ്റെടുക്കും

By Web TeamFirst Published Aug 22, 2018, 8:05 AM IST
Highlights

കേരളത്തെ നടുക്കിയ പ്രളയത്തെ തുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കുള്ള മടക്കത്തിനും പോലീസ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  ഓപ്പറേഷന്‍ ജലരക്ഷ -2 എന്നപേരില്‍ ലോക്കല്‍ പോലീസുള്‍പ്പെട 30,000 പോലീസുകാരെ ഉള്‍പ്പെടുത്തി ഇതിനായൊരു പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയത്തെ തുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കുള്ള മടക്കത്തിനും പോലീസ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  ഓപ്പറേഷന്‍ ജലരക്ഷ -2 എന്നപേരില്‍ ലോക്കല്‍ പോലീസുള്‍പ്പെട 30,000 പോലീസുകാരെ ഉള്‍പ്പെടുത്തി ഇതിനായൊരു പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിയമിക്കും. 

ശുചീകരണത്തിനാവശ്യമായ  ഉപകരണങ്ങളും വസ്തുക്കളും പോലീസുദ്യേഗസ്ഥര്‍ക്ക് നല്‍കും. ലോക്കല്‍ പോലീസിന് പുറമെ എ.പി. ബറ്റാലിയന്‍. വനിതാ ബറ്റാലിയന്‍, ആര്‍.ആര്‍.എഫ്,  തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം എസ്. എച്ച്. ഒ മാരുടെ നേതൃത്യത്തില്‍ ലോക്കല്‍ പോലീസ് ഗതാഗത തടസ്സം മാറ്റുക, വീടുകളില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തകര്‍ന്ന റോഡുകളും മറ്റും ഗതാഗതയോഗ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തും. 

കുടുംബങ്ങള്‍ വീടുകളിലെത്തി ദൈനംദിന ജീവിതം പൂര്‍ണമായും സാധാരണ നിലയിലാകുന്നതുവരെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്കാന്‍ ഓരോ പോലീസ് ഉദ്യോഗസ്ഥനും ഒരു കുടുംബത്തിന്‍റെ പുനരധിവാസം ഏറ്റെടുക്കുന്ന തരത്തില്‍  പ്രവര്‍ത്തനം ആവിഷ്‌കരിക്കും. മൂന്ന് കുടുംബത്തിന്‍റെ പുനരധിവാസം സംസ്ഥാന പോലീസ് മേധാവി ഏറ്റെടുക്കും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പോലീസ് വകുപ്പിന്റേതായി കുറഞ്ഞത് പത്തുകോടി രൂപ സമാഹരിച്ച് നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി  അറിയിച്ചു. ഇതില്‍ കുറച്ചുതുക ഇതിനകം തന്നെ നല്‍കി.  ബാക്കി തുക കൂടി വൈകാതെ സമാഹരിച്ചു നല്‍കും. 

മോഷണ ശ്രമങ്ങളും മറ്റും തടയുന്നതിന് ആവശ്യമായ പട്രോളിങ് ശക്തമാക്കും. ഇതിന് പുറമേ ക്യാമ്പുകളിലുള്ള കുട്ടികളുടെ സുരക്ഷ ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിന് ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് വിഭാഗത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കി. അന്തേവാസികളല്ലാതെ മറ്റാരേയും ക്യാമ്പുകളിലേയ്ക്ക് അനുവാദം ഇല്ലാതെ പ്രവേശിപ്പിക്കുകയില്ല. ക്യാമ്പുകളില്‍ ആവശ്യമായ സ്വകാര്യത ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി നടപടിയെടുക്കാനും പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

കഴിയുന്നത്ര പോലീസുകാര്‍ ഓണക്കാലത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരിത ബാധിതരെ സഹായിക്കുകയും ചെയ്യണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു. ജനമൈത്രി പോലീസിന്‍റെ മുന്‍കൈയില്‍ ഓരോ  സ്ഥലത്തും വീട് നഷ്ടപ്പെട്ട വളരെ പാവപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്കും. മറ്റ് പുനരിധാവസ പ്രവര്‍ത്തനങ്ങളിലും ജനമൈത്രി സമിതികളുള്‍പ്പെടെ പങ്കെടുക്കും.

ദുരിതമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി 40,000 ത്തോളം പോലീസുകാരെയും വിന്യസിച്ചിരുന്നു. നിരവധി ആളുകളെ രക്ഷപ്പെടുത്തിയതിന് സഹായിച്ചതിനോടൊപ്പം ഏകദേശം 53000 പേരെ പോലീസുകാര്‍ നേരിട്ട് രക്ഷപ്പെടുത്തുകയും ചെയ്തു.  ജില്ലകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമുകളില്‍ ഫോണ്‍ കോളുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍  റൂമില്‍  10 ലൈനുകളുടെ ഒരു ഹെല്‍പ് ലൈനും ആരംഭിച്ചു. പോലീസിന്റെ 2276 വാഹനങ്ങളും ദുരിതാശ്വാസത്തില്‍ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ യൂണിഫോം, ഷൂ, ക്യാപ്, ബെല്‍റ്റ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപറ്റിയ പോലീസുദ്യോഗസ്ഥരെയും സഹായിക്കും.  സംസ്ഥാനത്ത് മൂന്നു പോലീസ് സ്റ്റേഷനുകളും പ്രളയത്തില്‍ പൂര്‍ണ്ണമായി നശിച്ചിട്ടുണ്ട്. അവയും  ഭാഗമായി കേടുപറ്റിയവയും പുനര്‍നിര്‍മിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. 
 

click me!