പത്തു ചെയിനിലെ പട്ടയ നടപടികള്‍ക്ക് പണപ്പിരിവ്; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

Published : Jun 19, 2023, 12:53 PM IST
 പത്തു ചെയിനിലെ പട്ടയ നടപടികള്‍ക്ക് പണപ്പിരിവ്; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

Synopsis

അന്വേഷണം തുടങ്ങിയെന്നും, അടുത്ത ദിവസം പരാതിക്കാരുടെ മൊഴിയെടുക്കുമെന്നും ഉപ്പുതറ സി ഐ. ഇ. ബാബു അറിയിച്ചു.

ഇടുക്കി: ഇടുക്കി ജലസംഭരണിയുടെ പത്തു ചെയിനിലെ പട്ടയ നടപടികള്‍ക്ക് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ചെയിന്‍ വരെയുള്ള ഭാഗത്തെ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് സര്‍വേ ഉള്‍പ്പെടെ വേഗത്തിലാക്കാന്‍ 2018ല്‍ കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍ എന്നീ പഞ്ചായത്തുകളിലെ കര്‍ഷകരുടെ യോഗം വിളിച്ച് സമിതി രൂപീകരിച്ചു. അന്നത്തെ എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഭൂപതിവ് തഹസീല്‍ദാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 10 ചെയിനിലുള്ള മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് ഉറപ്പും നല്‍കി. സമിതിയുടെ തീരുമാനപ്രകാരം കര്‍ഷകരില്‍ നിന്നും പണപ്പിരിവ് നടത്തുകയും ചെയ്തു. എന്നാല്‍ ഏഴു ചെയിനില്‍ മാത്രമേ പട്ടയം നല്‍കാന്‍ കഴിയു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മൂന്നു ചെയിനിലെ കര്‍ഷകര്‍ക്ക് പണം നഷ്ടമായി. മൂന്നു ചെയിനില്‍ പട്ടയം ലഭ്യമാക്കുന്നതിന് നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികള്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കോടതിയെ സമീപിക്കാനോ പണം തിരിച്ചു നല്‍കാനോ ഭാരവാഹികള്‍ തയ്യാറായില്ല. ഇതോടെ മൂന്നു ചെയിന്‍ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ച് കര്‍ഷകര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. 

കര്‍ഷക സമരം ശക്തമായതോടെ പട്ടയ സമിതി ചെയര്‍മാന്‍ അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.എല്‍. ബാബു, കണ്‍വീനര്‍ കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി. ആര്‍. ശശി, സെക്രട്ടറി കെ.ജെ.ജോസഫ്, ട്രഷറര്‍ ടി.എന്‍.ഗോപിനാഥപിള്ള എന്നിവര്‍ക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചും വിജിലന്‍സ് വിഭാഗവും പ്രാഥമിക അന്വേഷണം നടത്തി. രാഷ്ട്രീയ പ്രേരിതമാണെന്ന റിപ്പോര്‍ട്ട് നല്‍കി ഉപ്പുതറ പൊലീസ് കേസ് എഴുതി തള്ളി. ഇതിനെതിരെ പണം നല്‍കിയ വിനോദ് കോടതിയെ സമീപിച്ചതോടെയാണ് പുതിയ ഉത്തരവ്. കേസില്‍ അന്വേഷണം തുടങ്ങിയെന്നും, അടുത്ത ദിവസം പരാതിക്കാരുടെ മൊഴിയെടുക്കുമെന്നും ഉപ്പുതറ സി ഐ. ഇ. ബാബു അറിയിച്ചു. 
 

   ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കട്ടെ, സംസ്ഥാനത്തെ 32 സ്കൂളുകൾ ഇനി മിക്സഡ്, പുതുചരിത്രം
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു