
കൽപ്പറ്റ: കക്കൂസ് മാലിന്യത്തിൽ നിന്ന് ജൈവവളവും ശുദ്ധീകരിച്ച വെള്ളവും ഉല്‍പാദിപ്പിക്കാനാകുന്ന മാലിന്യ സംസ്കരണ പ്ലാന്റ് കൽപ്പറ്റ നഗരസഭയിൽ ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പ്ലാന്റ് തുടങ്ങുന്നത്. യൂണിസെഫിന്റെ സഹായത്തോടെ ആരംഭിക്കുന്ന പദ്ധതി സെപ്റ്റംബറില്‍ പ്രവർത്തിച്ചു തുടങ്ങുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
പ്രളയാനന്തരം വയനാട് സന്ദർശിച്ച യൂണിസെഫ് സംഘം ജില്ലയിലെ ജലാശയങ്ങളിലെ കോളിഫോം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യത്തില്‍ ആശങ്ക അറിയിച്ചിരുന്നു. തുടർന്ന് പദ്ധതി നടപ്പിലാക്കനാവശ്യമായ 82 ലക്ഷം രൂപ നഗരസഭയ്ക്ക് യൂണിസെഫ് നല്‍കി. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം മൂവ് കമ്പനിയാണ് കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ ഫീക്കല്‍ സ്ലെഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നിർമിച്ചത്.
വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യം 10000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകളിലേക്ക് മാറ്റി അനെയ്റോബിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഘടിപ്പിച്ചാണ് സംസ്കരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ടൈഗർ ബാക്ടീരിയകളുള്ള ടാങ്കിലേക്ക് മാലിന്യം എത്തുന്നതോടെ പൂർണമായും വിഘടിച്ച് കമ്പോസ്റ്റും വെള്ളവും അവശേഷിക്കും.
ദിവസം 10000 ലിറ്റർ മാലിന്യത്തില്‍ നിന്ന് ഏഴ് കിലോ ജൈവവളവും 7000 ലിറ്റർ വെള്ളവും ഉല്‍പാദിപ്പിക്കാനാകും. ഇതോടെ ജില്ലയിലെ മുഴുവന്‍ കക്കൂസ് മാലിന്യ പ്രശ്നങ്ങള്‍ക്കും പദ്ധതിയിലൂടെ പരിഹാരമാകും. മാലിന്യം ശേഖരിക്കാനാവശ്യമായ സക്കർ മെഷീനുകളെത്തിച്ച് രണ്ടുമാസത്തിനകം പ്ലാന്‍റ് പൂർണമായി പ്രവർത്തിച്ച് തുടങ്ങുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam