ശബരിമല വനമേഖലയിലെ ആദിവാസി പുനരധിവാസം: നടപടികളുമായി ജില്ലാ ഭരണകൂടം

By Web TeamFirst Published Jun 30, 2019, 4:30 PM IST
Highlights

വീട്, ശുചിമുറികൾ, ശ്മശാനം, കമ്മ്യൂണി‍റ്റി ഹാൾ എന്നിവയും പുനരധിവാസഭൂമിയിൽ ഒരുക്കും. സാമൂഹ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും പുനരധിവാസ കേന്ദ്രത്തിൽ നടപ്പിലാക്കുകയും ചെയ്യും

പത്തനംതിട്ട: ശബരിമല വനമേഖലയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനൊരുങ്ങി പത്തനംതിട്ട ജില്ലാ ഭരണകൂടം. വനാവകാശ നിയമപ്രകാരം ഓരോ കുടുംബത്തിനും 4 ഹെക്ടർ ഭൂമിയുടെ അവകാശം നൽകാനുള്ള നടപടികൾ ആരംഭിച്ചു.

വർഷങ്ങളായി വനമേഖലയിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. ളാഹ മുതൽ മൂഴിയാർ വരെയുള്ള മേഖലകളിൽ കഴിയുന്ന മലമ്പണ്ടാര വിഭാഗത്തിൽ ഉൾപ്പെടുന്ന 40 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഭൂമിയുടെ അവകാശം നൽകുക. ഇതിനായി ളാഹയിലെ മഞ്ഞത്തോട് പ്രദേശത്തെ രാജാമ്പാറ റിസർവ്വ് അക്കേഷ്യ പ്ലാന്‍റേഷൻസിൽ ഉൾപ്പെടുന്ന വനഭൂമി കണ്ടെത്തിയിട്ടുണ്ട്. 

ഗുണഭോക്താക്കളെ നിർണയിക്കുന്നതിനായി 40 കുടുംബങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് അവകാശ നിർണയ സമിതി ചേർന്ന് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം നേടണം.തുടർന്ന് ഗ്രാമസഭ മുഖേനെ ജൂലൈ 15 നകം സബ് ഡിവിഷണൽ സമിതിക്ക് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

വീട്, ശുചിമുറികൾ, ശ്മശാനം, കമ്മ്യൂണി‍റ്റി ഹാൾ എന്നിവയും പുനരധിവാസഭൂമിയിൽ ഒരുക്കും. സാമൂഹ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും പുനരധിവാസ കേന്ദ്രത്തിൽ നടപ്പിലാക്കുകയും ചെയ്യും. വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ശബരിമല മേഖലയിലെ ആദിവാസി കുടുംബങ്ങൾ കഴിയുന്നത്.
 

click me!