കണ്ണും കരളും വൃക്കകളും പകുത്തുനല്‍കി അഖിലേഷ് യാത്രയായി

By Web TeamFirst Published Aug 5, 2019, 10:02 PM IST
Highlights

 ചിത്രകലയിലും ബോഡി ബില്‍ഡിംഗിലുമായിരുന്നു അഖിലേഷിന് ഏറെ താല്‍പ്പര്യം

തിരുവനന്തപുരം: കണ്ണും കരളും വൃക്കകളും പകുത്തുനല്‍കി അഖിലേഷ് യാത്രയായി. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കരിക്കോട് സ്വദേശിയായ അഖിലേഷാണ് മറ്റുള്ളവര്‍ക്ക് ജീവന്‍ പകുത്ത് നല്‍കിയ ശേഷം വിടവാങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനാപകടത്തില്‍ അഖിലേഷിന് പരിക്കേറ്റത്. കൊല്ലം കല്ലുംതാഴത്തിനു സമീപം പാല്‍ക്കുളങ്ങര ക്ഷേത്രത്തിനടുത്തുവച്ച് അഖിലേഷ് യാത്ര ചെയ്തിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. തുടര്‍ന്നാണ് അവയവദാനത്തിന് ബന്ധുക്കള്‍ അനുമതി നല്‍കിയത്. 

കൊല്ലം കരിക്കോട് അഭിലാഷ് ഭവനില്‍ ഉല്ലാസിന്‍റെയും അനിതയുടെയും മകനാണ് അഖിലേഷ്. ചിത്രകലയിലും ബോഡി ബില്‍ഡിംഗിലുമായിരുന്നു അഖിലേഷിന് ഏറെ താല്‍പ്പര്യം. ചായക്കൂട്ടുകളിലെ വര്‍ണങ്ങളെ അഖിലേഷിന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം പാകപ്പെടുത്തിയെടുക്കുന്നതിന് അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ഒന്നടങ്കം പിന്തുണ നല്‍കിയിരുന്നു. സിനിമയില്‍ സ്റ്റോറി ബോര്‍ഡും അഖിലേഷ് ചെയ്യുമായിരുന്നു. 

സംസ്ഥാന സർക്കാരിന്‍റെ മസ്തിഷ്ക് മരണാനന്തര അവയവദാന ഏജൻസിയായ മൃതസഞ്ജീവനി വഴിയാണ് അവയവ വിന്യാസം നടത്തിയത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും കോര്‍ണിയ കണ്ണാശുപത്രിയിലും നല്‍കി. മകന്‍റെ വിയോഗം ഒരു വിങ്ങലായി മാതാപിതാക്കളുടെ നെഞ്ചിലുണ്ടെങ്കിലും മകനിലൂടെ ചിലര്‍ക്കെങ്കിലും ജീവിതം തിരിച്ചു ലഭിച്ചത് ആശ്വസിക്കുകയാണ് ആ കുടുംബം. 

click me!