കല്‍പ്പറ്റ: റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ള വയനാട്ടില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ കണക്കുകള്‍. ജില്ലയിലെ വിവധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 126 ദുരിതാശ്വാസ ക്യാമ്പുകളില്‍ 13,916 പേരാണ് ഇപ്പോഴുള്ളത്. 3768 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ കഴിയുന്നത്. ജില്ലാ ദുരന്ത നിവാരണ സെല്‍ ആണ് കണക്ക് പുറത്തുവിട്ടത്.
മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് കൂടുതല്‍ ക്യാമ്പുകള്‍. രണ്ടിടത്തും 59 ക്യാമ്പുകള്‍ വീതമാണ് തുറന്നിട്ടുള്ളത്. താരതമ്യേന ദുരിതം കുറഞ്ഞ സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ എട്ട് ക്യാമ്പുകള്‍ മാത്രമാണ് ഉള്ളത്. പതിനാല് ക്യാമ്പുകള്‍ പുതുതായി തുടങ്ങി. മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും ജില്ല സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങുന്നതെയുള്ളൂ.
മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവധിയെടുക്കാതെ ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം സര്‍ക്കാര്‍ കണക്ക് മാത്രമാണിത്. ഇതിന് പുറമെ ക്യാമ്പുകളിലേക്ക് പോകാതെ ബന്ധുവീടുകളിലും മറ്റും കഴിയുന്നവര്‍ നിരവധിയാണ്. വെള്ളക്കെട്ട് ഏറെയുള്ള പുല്‍പ്പള്ളി മുള്ളക്കൊല്ലി എന്നീ മേഖലകളില്‍ ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലേക്കാണ് പലരും മാറി താമസിച്ചിരിക്കുന്നത്.
മഴക്ക് ശമനമുണ്ടെങ്കിലും പനമരം, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെയാണ് മാനന്തവാടിക്കടുത്ത് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത്. അതിനിടെ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും കൂടി തുറന്നത് 80 സെന്‍റീമീറ്ററായി നിജപ്പെടുത്തി. ഒരു ഷട്ടര്‍ 30 സെന്‍റീമീറ്ററും മറ്റൊന്ന് 20 സെന്‍റീമീറ്ററും എന്ന നിലയില്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കി കളയുന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയാണെങ്കില്‍ ഷട്ടര്‍ ഇനിയും 10 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും. ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam