കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കി; ചപ്പാത്തി കമ്പനിക്ക് 5000 രൂപ പിഴ

By Web TeamFirst Published Apr 30, 2021, 9:08 AM IST
Highlights

അമിത വിലയാണന്ന് യുവാവ് കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബില്‍ നല്‍കി കടയുടമ പണം വാങ്ങുകയും ചെയ്തു.
 

കരുവാരകുണ്ട്(മലപ്പുറം): കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ ലീഗല്‍ മെട്രോളജി പിഴയിട്ടത്് 5000 രൂപ. കിഴക്കേത്തലയില്‍ ബസ് സ്റ്റാന്റിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ചപ്പാത്തി കമ്പനിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 13 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കിയതായി എടപ്പറ്റ പുളിയക്കോട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രില്‍ 24ന്  ചപ്പാത്തി കമ്പനിയില്‍ നിന്നും പുളിയക്കോട് സ്വദേശിയായ യുവാവ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ വാങ്ങി. 13 രൂപയേ ഈടാക്കാന്‍ പാടുള്ളൂവെന്ന നിയമം നിലനില്‍ക്കെ 15 രൂപ ഈടാക്കിയെന്നാണ് പരാതി. 

അമിത വിലയാണന്ന് യുവാവ് കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബില്‍ നല്‍കി കടയുടമ പണം വാങ്ങുകയും ചെയ്തു. തുടര്‍ന്ന് യുവാവ് ലീഗല്‍ മെട്രോളജി അധികൃതരെ വിവരം അറിയിക്കുകയും, വ്യാഴാഴ്ച്ച ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഇന്‍സ്പെക്ടിംഗ് അസി. കെ എം മോഹനന്‍ എന്നിവരടങ്ങുന്ന സംഘം കടയില്‍ പരിശോധന നടത്തി തെറ്റ് കണ്ടെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് 5000 രൂപ പിഴ ഈടാക്കിയത്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 


 

click me!