
മാന്നാർ: തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിലെ ഏറെ തിരക്കേറിയ മാന്നാർ ടൗണിൽ കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരുമലക്കടവിലെ ട്രാഫിക് സിഗ്നലിനോട് ചേർന്ന് ഇന്നലെ ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. മാവേലിക്കര ഭാഗത്തുനിന്നും തിരുവല്ലയിലേക്ക് അമിതവേഗതയിൽ വന്ന കാർ സിഗ്നൽ മറികടക്കുന്നതിനിടയിൽ മുന്നിലെ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയും ആയിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് തെറിച്ച് വീഴുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർ ദിശയിലെ ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയതോടെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്കും, രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഓട്ടോറിക്ഷ ഡ്രൈവർ നിരണം, തേവേരി മട്ടക്കൽ വീട്ടിൽ സോണിക്ക് പരിക്കുപറ്റി.
ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മാന്നാർ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam