
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വോളിവോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനത്തിനെത്തിയ പി സി ജോര്‍ജിനെ നാട്ടുകാര്‍ വരവേറ്റത് കൂവികൊണ്ട്. ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനത്തിനായി പി സി ജോര്‍ജ് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ കളികാണാനെത്തിയ നാട്ടുകാര്‍ കൂവല്‍ ആരംഭിച്ചു.
നാട്ടുകാരുടെ കൂവലിനിടെ പി സി ജോര്‍ജ്ജിന് പലപ്പോഴും സംസാരിക്കാന്‍ കഴിയാതെ വന്നു. ഇതോടെ പി സി ജോര്‍ജ്ജ് നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. നീയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്. എന്നെ കൂവിത്തോല്‍പ്പിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്നും നാട്ടുകാരെ പി സി ജോര്‍ജ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചെങ്കിലും പി സി ജോര്‍ജ്ജിന് സ്വന്തം നാട്ടുകാരുടെ മുന്നില്‍ മുട്ട് മടക്കേണ്ടിവന്നു.
കൂവലിന് അതേ നാണയത്തില്‍ തന്നെ പി സി ജോര്‍ജിന്‍റെ മറുപടിയും വന്നു. " ഇതാണോ കൂവല്‍. ഇങ്ങനാണോ കൂവുന്നത്. നീയൊക്കെ ഇത് മനസിവച്ചേച്ചാ മതി... പോടാ അവിടുന്ന്. മര്യാദ വേണം.. ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍. ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിന്നെയാക്കെ പോലെ ചന്തയായിട്ട് വളര്‍ന്നവനാ ഞാന്‍. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍. മനസിലായോ... നിന്നെയൊക്കെക്കാള്‍ കൂടിയ ചന്ത. നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍. ഈ കരയില്‍ വളര്‍ന്നവനാ ഞാന്‍. മനസിലായില്ലേ... നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും. വൃത്തികെട്ടവമ്മാര്‍.. കൂവിയാ ഞാനും കൂവും. മര്യാദ വേണ്ടേ ആള്‍ക്കാര്‍ക്ക്.... കൂവി കഴിഞ്ഞാല്‍ ഈ കളി ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു." കൂവലില്‍ തളര്‍ന്ന പി സി ജോര്‍ജ്ജ് ഒടുവില്‍ ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് രക്ഷപ്പെടുകയായിരുന്നു.
സ്വന്തം നാട്ടുകാരുടെ അവഹേളനം ആദ്യമായിട്ടല്ല പി സി ജോര്‍ജ്ജിന് ഏല്‍ക്കേണ്ടി വരുന്നത്. നേരത്തെ പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ പി സി ജോര്‍ജ്ജിന് നേരെ നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam