
കണ്ണൂർ : തനിക്കും മകനുമെതിരായ മുൻ ജില്ലാ കമ്മറ്റിയംഗം മനു തോമസിന്റെ ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജൻ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മടങ്ങിയ പി ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തിന് 'മൗനം വിദ്വാനു ഭൂഷണം' എന്ന് മറുപടി നൽകിയത്. ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി.
രാവിലെ കണ്ണൂരിൽ തുടങ്ങിയ ജില്ലാ സെക്രട്ടറിയെറ്റ് യോഗത്തിനെത്തിയ പി ജയരാജൻ ഒരു പ്രതികരണത്തിനും തയ്യാറായിരുന്നില്ല. എന്നാൽ സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന. ജയരാജൻ അനവസരത്തിൽ വിവാദമുണ്ടാക്കിയെന്ന വിമർശനവും ഉയർന്നതായി അറിയുന്നു.ക്വട്ടേഷൻ സംഘ ബന്ധം,കൊലപാതകങ്ങളിലെ പങ്ക്, പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കൽ തുടങ്ങിയ മനു തോമസിന്റെ ആക്ഷേപങ്ങളിൽ സിപിഎം സംസ്ഥാന നേത്വം നിലപാട് ഇപ്പോഴും തുറന്ന് പറയുന്നില്ല.നിലപാട് വ്യക്തമാക്കുന്നതിന് പകരം പ്രാദേശിക പ്രശ്നമെന്ന മട്ടിൽ നിസ്സാരവൽക്കരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കടുത്ത ആക്ഷേപങ്ങളുയർന്നിട്ടും സംസ്ഥാനസമിതി അംഗമായ പി ജയരാജന് പാർട്ടി സെക്രട്ടറി പിന്തുണ നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.നിയമസഭയിലടക്കം പ്രതിപക്ഷം ആക്ഷേപമുയർത്തിയതോടെ പി ജയരാജന് മാത്രമല്ല പാർട്ടിക്കും ഈ വിവാദം പരിക്കുണ്ടാക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam